ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം കമ്പനികളില്‍ ഒന്നായ യൂബിസോഫ്റ്റില്‍ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ലൈംഗിക ആരോപണങ്ങളുമായി യുബിസോഫ്റ്റ് ജീവനക്കാര്‍ നിറഞ്ഞത്. സംഭവത്തില്‍ യുബിസോഫ്റ്റ് മാപ്പ് പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നം നേരിടേണ്ടി വന്ന എല്ലാവരോടും ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
കമ്പനിയിലെ മുന്‍ ജോലിക്കാരും ഇപ്പോഴത്തെ ജോലിക്കാരും മാനേജര്‍മാരെക്കുറിച്ചും അവരുടെ സ്വഭാവങ്ങളെക്കുറിച്ചും പരാതി ഉന്നയിച്ചത് സമൂഹമാധ്യമങ്ങളില്‍ വിഷയമായിരുന്നു. ട്വിറ്ററില്‍ കൂടിയാണ് പലരും ആരോപണം ഉന്നയിച്ചത്. യൂണിസോഫ്റ്റിന്റെ ടോറന്റോ, മോണ്‍ട്രിയല്‍ സ്റ്റുഡിയോകളിലെ ചില ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് ഇത്തരത്തില്‍ മാനേജര്‍മാര്‍ക്കെതിരെ ലൈംഗിക പീഡനം അടക്കം ആരോപിച്ച് രംഗത്തെത്തിയത്. ഇതുകൂടാതെ ബ്രസീല്‍, ബള്‍ഗേറിയ, യു.എസ് എന്നിവിടങ്ങളിലെ ചില ജീവനക്കാരും വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് ഗെയിമിംഗ് കമ്പനിക്ക് പ്രതികരിക്കേണ്ടി വന്നത്. മുമ്പും പരാതികള്‍ ഉന്നയിച്ചിരുന്നെന്നും എന്നാല്‍ അന്നൊന്നും കമ്പനി അത് കാര്യമായി എടുത്തില്ലെന്നും ചിലര്‍ വ്യക്തമാക്കി.
മുന്‍കാലത്ത് ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും കമ്പനി പറഞ്ഞു. എല്ലാ പരാതികളും കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ ഏജന്‍സിയുടെ സഹായത്തോടെ അന്വേഷിച്ച് പരാതിക്കാര്‍ക്ക് നീതി നടപ്പിലാക്കുമെന്നാണ് യുബിസോഫ്റ്റ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.