പരസ്യദാതാക്കളായ വന്‍കിട കമ്പനികള്‍ കൂട്ടത്തോടെ പിന്മാറുന്ന പശ്ചത്തലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് വെള്ളിയാഴ്ച പുതിയ നയങ്ങള്‍ ഓണ്‍ലൈന്‍ ടൗണ്‍ഹാള്‍ പരിപാടിയിലൂടെ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റും ലേബല്‍ ചെയ്യും എന്നതാണ് പുതിയ നയം.
ഫേസ്ബുക്ക് വഴിയുള്ള അടുത്ത ആറുമാസത്തെ പെയ്ഡ് പരസ്യങ്ങള്‍ പ്രമുഖ അമേരിക്കന്‍ കോര്‍പ്പറേറ്റായ യൂണിലിവര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഫേസ്ബുക്കിന്റെ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും പരസ്യം പിന്‍വലിക്കല്‍ ക്യാംപെയ്ന്‍ മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൊക്കക്കോള, ഹോണ്ട, ഹെര്‍ഷൈ, ലുലുലെമണ്‍, ജാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ നൂറോളം ബ്രാന്‍ഡുകള്‍ ഫേസ്ബുക്കിലെ പെയ്ഡ് പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.
ഫേസ്ബുക്കിന്റെ പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റും ലേബല്‍ ചെയ്യും എന്നതാണ് പുതിയ നയപ്രഖ്യാപനത്തിലെ പുതിയ പോയിന്റ്. എന്നാല്‍ അത് പ്രധാന്യമുള്ള പോസ്റ്റാണെങ്കില്‍ നിലനിര്‍ത്തും. തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കും ഇത് ബാധകമാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പോസ്റ്റും ഇത്തരത്തില്‍ ലേബല്‍ ചെയ്യും.
പരസ്യങ്ങള്‍ പിന്‍വലിക്കാനുള്ള യൂണിലിവറിന്റെ പ്രഖ്യാപനത്തോടെ ഫേസ്ബുക്കിന്റെ ഓഹരികള്‍ക്ക് 7% ഇടിവ് സംഭവിച്ചു. ഫേസ്ബുക്കിന്റെ വരുമാനത്തിന്റെ 98% ഏതാണ്ട് 70ബില്യണ്‍ യു.എസ് ഡോളര്‍ വരുന്നത് പരസ്യ വരുമാനത്തിന്‍ നിന്നാണ്. ഇതിന് ഭീഷണി നേരിട്ടു എന്നതാണ് ഫേസ്ബുക്കിനെ മാറ്റി ചിന്തിപ്പിക്കുന്നത്.