ഉപഭോക്താക്കളുടെ സ്വന്തം മുഖം തന്നെ ഇമോജിയാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചറുമായി ഗൂഗിള്‍. 'ഇമോജി മിനി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ ജിബോര്‍ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂറല്‍ നെറ്റ്വര്‍ക്ക് എന്ന ഗൂഗിളിന്റെ മെഷീന് ലേണിംങ് സാങ്കേതികവിദ്യയിലാണ് ഇമോജി മിനി പ്രവര്‍ത്തിക്കുക. തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൂഗിളിന്റെ 'ഇമോജി മിനി'യുടെ പ്രഖ്യാപനം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇമോജി മിനി ലഭ്യമാകുമെന്ന് ഗൂഗിളിലെ എക്സ്പ്രഷന്‍ ടീം ക്രിയേറ്റീവ് ഡയറക്ടര്‍ ജെന്നിഫര്‍ ഡാനിയേല്‍ വ്യക്തമാക്കി. കൃത്രിമ ബുദ്ധി(A.I)യുടെ സഹായത്തിലാണ് ഗൂഗിള്‍ ഇമോജി മിനിയെ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായ ഇമോജികള്‍ നേരത്തെ തന്നെ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.
ജിബോര്‍ഡ് അപ്ഡേഷന് ശേഷം ക്രിയേറ്റ് എന്ന ഓപ്ഷനില്‍ പോയി സെല്ഫിയെടുക്കുകയാണ് ആദ്യപടി. സെല്‍ഫിക്ക് പിന്നാലെ ജിബോര്‍ഡ് നിങ്ങളുടെ സ്വന്തം ഇമോജി പാക്ക് നിര്‍മ്മിക്കും. കരച്ചില്, ചിരി, ദേഷ്യം, സ്നേഹം, കണ്ണടക്കല് തുടങ്ങി വിവിധ ഭാവങ്ങളിലെ ഇമോജികള്‍ ഇതിലുണ്ടാകും. മുഖത്തിന്റെ നിറം മാറ്റാനും മുടിയും മൂക്കും കണ്ണും തുടങ്ങി മുഖത്തെ പ്രധാന ഭാഗങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തി സ്വന്തം രൂപത്തെ കൂടുതല്‍ സുന്ദരമാക്കാനും ഇതില്‍ അവസരമുണ്ട്.