സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിള്‍ കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഗൂഗിളിനെതിരെ മല്‍സരിക്കാന്‍ ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പുതിയ സെര്‍ച്ച് എഞ്ചിനാണ് നീവ. പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച് എഞ്ചിന്‍ - ഇതാണ് 'നീവ'യുടെ വിശേഷണം. 2021 പകുതിയോടെ സെര്‍ച്ച് എഞ്ചിന്‍ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ വിവരങ്ങള്‍ക്ക് മേല്‍ ഗൂഗിള്‍ ഉള്‍പ്പെടുന്ന സാങ്കേതികരംഗത്തെ ഭീമന്മാരുടെ അധീശത്വം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്, സബ്‌സ്‌ക്രിപ്ഷന്‍ മോഡലായാണ് 'നീവ' പ്രവര്‍ത്തിക്കുക.
നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കാനാണ് 'നീവ'യുടെ അണിയറ ശില്‍പികള്‍ ലക്ഷ്യമിടുന്നത്. ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തില്‍ 45 പേരുള്ള സംഘമാണ് 'നീവ'യ്ക്ക് രൂപംനല്‍കുന്ന സ്റ്റാര്‍ട്ടപ്പിലുള്ളത്. ആദ്യം യു.എസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും 'നീവ' സെര്‍ച്ച് എഞ്ചിന്‍ ലഭ്യമാക്കും. 3.75 കോടി ഡോളര്‍ സമാഹരിക്കാന്‍ നീവ സ്റ്റാര്‍ട്ടപ്പിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഗൂഗിളിനെ പോലെ നിര്‍മിതബുദ്ധി സങ്കേതങ്ങളുടെ സേവനവും നീവയില്‍ ഉപയോഗിക്കുന്നുണ്ട്. പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ആരുമായും പങ്കുവെക്കില്ലെന്നും സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ 90 ദിവസത്തിന് ശേഷം നീക്കം ചെയ്യുമെന്നും നീവ അതിന്റെ ബ്ലോഗില്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ പരസ്യവിതരണ സംവിധാനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഉള്‍പ്പടെ വ്യക്തമായ ധാരണയുള്ളവരാണ് ശ്രീധര്‍ രാമസ്വാമിയും വിവേക് രഘുനാഥനും. ചെന്നൈ ഐ.ഐ.ടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. മുംബൈ ഐ.ഐ.ടി ബിരുദധാരിയായ വിവേക് രഘുനാഥന്‍ യൂട്യൂബിലെ മൊണട്ടൈസേഷന്‍ വൈസ് പ്രസിഡന്റായിരുന്നു.