Skip to main content
Ad Image

electricity from human motion

മനുഷ്യന്റെ ചലനങ്ങളില്‍ നിന്നിനി വൈദ്യുതി ഉല്‍പാദിപ്പിക്കാം.കേട്ടത് തമാശയല്ല, സത്യം തന്നെ. ഹോങ് കോങ്ങ് ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്റ് ഓട്ടോമെഷന്‍ വിഭാഗത്തിലെ ഗവേഷകര്‍ ഇതിനായൊരു ഉപകരണം കണ്ടെത്തി കഴിഞ്ഞു. മനുഷ്യ ചലനങ്ങളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ സ്മാര്‍ട്ട് മെറ്റീരിയലുകള്‍ അടിസ്ഥാനമാക്കിയുള്ള എനര്‍ജി ഹാര്‍വെസ്റ്ററാണ് ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.അതായത് ഒരു വ്യക്തിയുടെ ചലനത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. പ്രത്യേകിച്ചും, മനുഷ്യന്റെ കാല്‍മുട്ടിന്റെ ചലനത്തില്‍ നിന്ന് ബയോമെക്കാനിക്കല്‍ എനര്‍ജി പിടിച്ചെടുക്കുവാനും അത് പിന്നീട് വൈദ്യുതിയാക്കി മാറ്റാനും ഇതിന് കഴിയും. ശരീരത്ത് ഘടിപ്പിച്ച് ഉപയോഗിക്കുന്ന പെഡോമീറ്റര്‍, ഹെല്‍ത്ത് മോണിറ്റര്‍, ജി.പി.എസ് തുടങ്ങിയ ഉപകരണങ്ങള്‍ ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വഴി പ്രവര്‍ത്തിപ്പിക്കാം. 
ഇതിന് മുന്‍പും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ഭാരവും ഇലക്‌ട്രോമാഗ്നെറ്റിക്ക് ജനറേറ്ററും ഉപയോഗിച്ചുള്ള അത്തരം ഉപകരണങ്ങള്‍ ശരീരത്തില്‍ കൊണ്ടുനടക്കുവാന്‍ പ്രയാസമായിരുന്നു. ആ പ്രയാസത്തെ മറികടക്കാനാണ് പ്രൊഫസര്‍ ലിയാവോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം പുതിയ മെക്കാനിക്കല്‍ ഘടകങ്ങളുമായി സമന്വയിപ്പിച്ച പീസോ ഇലക്ട്രിക് മാക്രോ ഫൈബര്‍ കോംപോസിറ്റുകള്‍ കൊണ്ടുള്ള ഭാരംകുറഞ്ഞ എനര്‍ജി ഹാര്‍വെസ്റ്ററുകള്‍  വികസിപ്പിച്ചത്. ഈ എനര്‍ജി ഹാര്‍വസ്റ്ററില്‍  മനുഷ്യന്റെ കാല്‍മുട്ടിന്റെ ചലനം പിടിച്ചെടുക്കാനായി സ്ലൈഡര്‍ ക്രാങ്ക്  സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അങ്ങനെ മനുഷ്യന്റെ കാല്‍മുട്ട് വളയുകയോ  നീട്ടുകയോ ചെയ്യുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.
 മനുഷ്യന്റെ കാല്‍മുട്ടില്‍ മറ്റ് അവയവ സന്ധികളെക്കാള്‍ വലിയ ചലനമാണ് നടക്കുന്നതെന്നും ഇത് ഊര്‍ജ്ജത്തെ എളുപ്പത്തില്‍ പിടിച്ചെടുത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുമെന്നും പ്രൊഫസര്‍ ലിയാവോ പറയുന്നു. ഈ ഉപകരണം ധരിച്ച് ഒരു വ്യക്തിയും മണിക്കൂറില്‍ രണ്ടു മുതല്‍ ആറര കിലോമീറ്റര്‍  വേഗതയില്‍ നടക്കുമ്പോള്‍ 1.6 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ പ്രോട്ടോടൈപ്പിന്റെ  ഭാരം 307 ഗ്രാം മാത്രമാണ്. ബയോമെക്കാനിക്കല്‍ എനര്‍ജി ഹാര്‍വെസ്റ്ററുകളുടെ ഉപയോഗം ഇത് ഗണ്യമായി പ്രോത്സാഹിപ്പിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

 

Ad Image