എത്യോപ്യയില്‍ മാമോദീസാ ശുശ്രൂഷ നടത്താന്‍ തടാകത്തിലിറങ്ങിയ വൈദികനെ മുതല കൊന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തെക്കന്‍ എത്യോപ്യയിലെ അബയ തടാകത്തില്‍ മാമോദീസാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ വൈദികന് ഡോച്ചോ എഷീതാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തടാകക്കരയില്‍ ചടങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ പെട്ടെന്ന് വെള്ളത്തില്‍ നിന്ന് പൊങ്ങിയ മുതല ഉടന്‍ തന്നെ പുരോഹിതനെ കടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചികൊണ്ടുപോകുകയായിരുന്നു.
ഈ തടാകത്തിലെ മുതലകള്‍ സാധാരണ ഗതിയില്‍ ആക്രമണകാരികളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ സമീപകാലത്തായി തടാകത്തിലെ മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം മുതല മനുഷ്യനെ ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു.