ഞായറാഴ്ച കേരളത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധികള്‍ ബോധപൂര്‍വം വിട്ടുനിന്നു. ഇത് ഐക്യജനാധിപത്യ മുന്നണിയും ബി.ജെ.പിയും മുതലെടുക്കുകയും ചെയ്തു. മിക്ക ചാനലുകളും നടത്തിയ ചര്‍ച്ച ശബരിമലയെ സംബന്ധിച്ചായിരുന്നു. ശബരിമല യുവതി പ്രവേശത്തിന് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുകയും അതിന്റെ കരട് രേഖ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തിറക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച് ഓരോ മുന്നണിയുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം എന്ന ആവശ്യം രൂപീകൃതമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും നിലപാടുകളില്‍ വ്യക്തതയില്ലാതെ ഉഴലുന്ന ഒരു അവസ്ഥയിലാണ് സി.പി.എം. അതുകൊണ്ട് തന്നെയാണ് ഞായറാഴ്ചത്തെ ചാനല്‍ ചര്‍ച്ചയില്‍ സി.പി.എം പ്രതിനിധികള്‍ പങ്കെടുക്കാതെ ഇരുന്നത്. പകരം അനുഭാവികളായ ചില ബുദ്ധിജീവികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ അവരുടെ വാദമുഖങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത നിയമവിദഗ്ദര്‍ എതിര്‍ക്കുകയുണ്ടായി.
ഇതിലൂടെ വളരെ വിദഗ്ദമായി ഐക്യജനാധിപത്യ മുന്നണി വരുന്ന തിരഞ്ഞെടുപ്പിലെ അജണ്ട നിര്‍മ്മിക്കല്‍ പ്രക്രിയയില്‍ വിജയിച്ചിരിക്കുകാണ് എന്ന് പറയേണ്ടി വരും. ഈ സാഹചര്യത്തെ നേരിടാന്‍ വേണ്ടിയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം കേരളത്തില്‍ പ്രായോഗികമല്ല എന്ന വെളിപ്പെടുത്തല്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ അതും വലിയ പുലിവാലായി മാറുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ കുറേ കാലങ്ങളായി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പേരില്‍ കേരളത്തില്‍ സ്വാധീനം ചെലുത്തിയിട്ട് ഇപ്പോള്‍ പെട്ടെന്ന് ഇത് കേരളത്തില്‍ പ്രായോഗികമല്ല എന്ന് പറയുമ്പോള്‍ അത് സൃഷ്ടിക്കുന്ന പ്രകമ്പന ശേഷി ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല ഒരു വിഷയം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.