Skip to main content

ശബരിമല വിഷയം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. ഇതോടെ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ കരുതലോടെ ആക്കിയിരിക്കുകയാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യു.ഡി.എഫ് ഉന്നയിച്ചത് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായ ഇടത് അനുകൂല ജനമനസ്സ് മാറ്റാനാണെന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ട്. ശബരിമല ആയുധമാക്കാന്‍ യു.ഡി.എഫിന് ഇടം കൊടുക്കേണ്ടെന്ന തീരുമാനമാണ് സി.പി.എം കൈക്കൊണ്ടത്. 

ശബരിമല വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന രീതിയില്‍ വാര്‍ത്ത വന്നതോടെയാണ് സി.പി.എമ്മിന്റെ കരുതലോടെയുള്ള വിശദീകരണം. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് പോലും കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകുമെന്ന ഉറപ്പാണ് സി.പി.എം നല്‍കിയിരിക്കുന്നത്. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തീരുമാനം എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. 

സുപ്രീംകോടതി വിധി എന്തായാലും അത് സര്‍ക്കാര്‍ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നായിരുന്നു ഇതുവരെ സി.പി.എമ്മും മുഖ്യമന്ത്രിയും പറഞ്ഞത്. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നപ്പോഴും അത് നടപ്പാക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതിവിധി അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന വിശദീകരണം മാത്രമായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയത്. 

സംസ്ഥാന സമിതിയുടെ തീരുമാനം വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് സെക്രട്ടറി എ. വിജയരാഘവന്‍ വിശദീകരണത്തിനു തയ്യാറായില്ല. പാര്‍ട്ടി നിലപാട് കുറിപ്പായി തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകള്‍ മാറ്റി വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പാര്‍ട്ടി നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.