മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പ്രൊഫ.പി.ജെ. കുര്യനും ഇടതുപാളയത്തില്‍ ഭാഗ്യം തേടുന്നവരുടെ കൂട്ടത്തില്‍. പ്രൊഫ.കെ.വി. തോമസിനെ ഇടതുക്യാമ്പിലേക്കു ക്ഷണിച്ചതിനു പിന്നാലെയാണ് കുര്യന്‍ സി.പി.എമ്മിലെ ഒരു മുതിര്‍ന്ന നേതാവുമായി രഹസ്യ ചര്‍ച്ച നടത്തിയത്. തിരുവല്ലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യങ്ങള്‍ക്ക് പ്രാദേശികമായും സംസ്ഥാന നേതൃതലത്തിലും എതിര്‍പ്പുയര്‍ന്നതാണ് ഇടതുപക്ഷത്ത് ഭാഗ്യം പരീക്ഷിക്കാനുള്ള ആലോചനക്കു പിന്നിലെന്നാണ് വിവരം.
മാര്‍ത്തോമ്മ സഭക്കാരനായ കുര്യന്‍ എന്‍.എസ്.എസ്.പിന്തുണ കൂടി അവകാശപ്പെട്ടാണ് യു.ഡി.എഫില്‍ സീറ്റിന് സമ്മര്‍ദ്ദം ചെലുത്തുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗവും തനിക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ 79 കാരനായ കുര്യന്‍ ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കാന്‍ മാറി നിന്ന് മര്യാദ കാട്ടണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ യുവജനങ്ങള്‍ക്കുള്ളത്. 1980 മുതല്‍ തുടര്‍ച്ചയായി ആറുതവണ ലോകസഭാംഗവും 2005 മുതല്‍ 2018 വരെ രാജ്യസഭാംഗവുമായിരുന്ന കൂര്യന്‍ മൂന്നുതവണ കേന്ദ്ര മന്ത്രിയുമായി. പാര്‍ട്ടിയില്‍ ചീഫ് വിപ്പ് അടക്കം ഉന്നത സ്ഥാനങ്ങളും വഹിച്ചു. ഇത്രയുമൊക്കെ നേടിയ ആള്‍ 79ാം വയസെത്തിയപ്പോള്‍ ഒന്നുമാകാത്തവര്‍ക്കായി മാറി നില്‍ക്കണ്ടേ എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തിപ്പെടുന്നത് മനസ്സിലാക്കിയാണ് അദ്ദേഹം ഇടതുപക്ഷത്തേക്ക് കണ്ണെറിഞ്ഞത്. അടുത്തിടെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിവാദത്തില്‍പ്പെട്ടപ്പോള്‍, പാര്‍ട്ടി നയത്തിനു വിരുദ്ധമായി കുര്യന്‍ സ്പീക്കറെ പിന്തുണച്ചത് ഇടതുക്യാമ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇടതുപക്ഷത്ത് എത്തിയാലും തിരുവല്ല വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടാണ് ഇടതുപക്ഷ നേതാക്കള്‍ക്ക്. ഘടക കക്ഷിയായ ജനതാദള്‍ ( എസ് ) ന്റെ സിറ്റിംഗ് സീറ്റാണ് തിരുവല്ല. ഘടക കക്ഷിയുടെ സീറ്റ് പിടിച്ചെടുത്ത് കുര്യനെ നിര്‍ത്തുന്നതുകൊണ്ട് മുന്നണിക്ക് പ്രത്യേക മെച്ചമുണ്ടാകാനിടയില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു. സിറ്റിംഗ് എം.എല്‍.എ. മാത്യു ടി.തോമസും കുര്യനെ പോലെ മാര്‍ത്തോമ്മ സഭക്കാരനാണ്. മാത്യു.ടി.തോമസ് മത്സരിക്കാന്‍ സന്നദ്ധനാണെങ്കില്‍ ഇന്നത്തെ നിലയില്‍ സീറ്റ് അദ്ദേഹത്തിനു തന്നെയായിരിക്കും നല്‍കുക. തിരുവല്ലായില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലാണ് അദ്ദേഹമെന്നാണ് അറിവ് .
ഈ സാഹചര്യത്തില്‍ തിരുവല്ല സീറ്റ് നല്‍കി കുര്യനെ മുന്നണിയിലേക്ക് ക്ഷണിക്കുകയില്ലെന്നുറപ്പ്. തന്നെ തള്ളിയ മുന്നണിയെ തോല്പിക്കാന്‍ ഇടതിനൊപ്പം നില്‍ക്കുക എന്നതു മാത്രമാണ് അദ്ദേഹത്തിനു മുന്നില്‍ തെളിയുന്ന മൂന്നാം വഴി. അതിലേക്കു കുര്യന്‍ പോകുമോ എന്നാണ് ഇനി അറിയാനുള്ളത്.