കൊറോണവൈറസ്(കൊവിഡ് 19) ബാധയുടെ സുരക്ഷാ നടപടിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പോയ മല്‍സ്യബന്ധനത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരംജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍ നിന്ന് പോയ മല്‍സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. മല്‍സ്യ ബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് ഇവര്‍. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്.
ഒരു മുറിയില്‍ 23ഓളം പേരാണുള്ളത്. ഇരുന്നൂറോളം പേര്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ തമിഴ്‌നാടില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന.
കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളുമായി സംസാരിക്കാന്‍ ശ്രമം തുടങ്ങിയെന്നും അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്നും സ്ഥലത്തെ ഇന്ത്യന്‍ എംബസിയുമായി ഉടന്‍ ബന്ധപ്പെടുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.