പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഇന്ന് നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ രണ്ടാം സാമ്പത്തിക പാക്കേജിനെ കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1,70,000 കോടിയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയേക്കാളും വലിയ പദ്ധതിയാണ് പരിഗണനയിലുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചര്‍ച്ചകള്‍ക്കായി ധനമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്.
പാക്കേജ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് ലോക്ക്ഡൗണിന് ശേഷമുള്ള ദുരിതാശ്വാസം, പുനരധിവാസം, സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിവയിലായിരിക്കുമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം സര്‍ക്കാര്‍ ആദ്യ ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയെടുക്കും.