കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആദ്യകാല സംഘാടകനും താത്വികാചാര്യനുമായ പി. പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ അര്‍പ്പണബോധമുള്ള പ്രിയ പുത്രനായിരുന്നു ശ്രീ.പി. പരമേശ്വരന്‍. ഇന്ത്യയുടെ സാംസ്‌കാരിക ഉണര്‍വ്വ്, ആത്മീയ പുനരുജ്ജീവനം, ദരിദ്രരെ സേവിക്കല്‍ എന്നിവയ്ക്കു വേണ്ടി മാറ്റി വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകള്‍ സമൃദ്ധവും രചനകള്‍ ശ്രദ്ധേയവുമായിരുന്നു എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പി.പരമേശ്വരനൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ട് മറ്റൊരു ട്വീറ്റില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ താന്‍ ഭാഗ്യവാനാണെന്നും മോദി കുറിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിലെ സ്വകാര്യ ആയുര്‍വ്വേദ ചികില്‍സാ കേന്ദ്രത്തില്‍ വച്ചായിരുന്നു പി.പരമേശ്വരന്റെ അന്ത്യം.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍, ചിന്തകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹികമേഖലകളില്‍ സാന്നിധ്യമായിരുന്ന പി. പരമേശ്വരനെ രാജ്യം പത്മശ്രീ, പത്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.