Skip to main content

saji cheriyan, Pinarayi Vijayan

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചെങ്ങന്നൂര്‍  ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം വ്യക്തമായ ചിത്രം കാഴ്ചവെക്കുന്നു. സാങ്കേതികമായി പുറത്ത് രാഷ്ട്രീയം.രാഷ്ടീയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത. ഇതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെ  നിലപാടും ക്രിസ്തീയ വോട്ടുകളുടെ ചോരാതെയുള്ള ഏകീകരണവും ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത് വ്യക്തമായ ഒരു ധ്രുവീകരണ ദിശയെ സൂചിപ്പിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം ദുര്‍ബലമാണെന്ന്  ന്യൂനപക്ഷം കരുതുന്നു എന്നതും ഈ ഫലത്തില്‍ തെളിയുന്നു.

 

ഐക്യജനാധിപത്യ മുന്നണിക്ക് കിട്ടിക്കൊണ്ടിരുന്ന വോട്ടാണ് ബി.ജെ.പിയിലേക്ക് പോയിരിക്കുന്നത്. ഇക്കുറി നേരിയ കുറവുണ്ടായെന്നു മാത്രം.കഴിഞ്ഞ തവണ ബി.ജെ.പിയിലേക്ക് പോയിരുന്ന നല്ലൊരു ശതമാനം വോട്ട് ഇപ്പോള്‍ എല്‍.ഡി.എഫിലേക്ക് വരികയും ചെയ്തു. ദീര്‍ഘകാലം ഐക്യജനാധിപത്യ മുന്നണിയുടെ കുത്തകയായിരുന്ന മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. അതിപ്പോള്‍ ജാതി അടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തോടെ ഇടത് പക്ഷത്തേക്ക് നീങ്ങിയതായാണ് കാണുന്നത്. തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു എങ്കിലും അടിയൊഴുക്കുകള്‍ മുഴുവന്‍ വര്‍ഗീയ അടിസ്ഥാനത്തിലുള്ളതായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് തമ്പടിച്ച് പ്രവര്‍ത്തനം നടത്തിയിട്ടും, കെ.എം മാണി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടതാണ് ബി.ജെ.പിയുടെ വോട്ട് കുറഞ്ഞതിനേക്കാള്‍ ശ്രദ്ധേയമായത്. ഒരു നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ സജി ചെറിയാന് ലഭിച്ച 20956 വോട്ടിന്റെ ഭൂരിപക്ഷം വളരെ അസാധരണത്വം വിളിച്ചറിയിക്കുന്നുണ്ട്.

 

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ വിജയത്തെ ഭരണത്തിനും മതേതരത്വത്തിനും കിട്ടിയ അംഗീകാരമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അത് രാഷ്ട്രീയമായ വാദം മാത്രമാണ്. യാഥാര്‍ത്ഥ്യം വിപരീതമാണെങ്കിലും, ആ വിപരീത യാഥാര്‍ത്ഥ്യമാണ് കേരളത്തിലെ രാഷ്ട്രീയത്തെ ഇനി നിര്‍ണയിക്കുക എന്നതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ അഭൂത പൂര്‍വ്വമായ ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. ഇത് ഏറ്റവും സഹായകമാവുക വര്‍ഗീയ ധ്രൂവീകരണം സാധ്യമാക്കാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിക്ക് തന്നെയാണ്. ഈ ഘട്ടത്തില്‍ എന്ത്‌ രാഷ്ട്രീയ നിലപാടുകളാണ് യു.ഡി.എഫിന് സ്വീകരിക്കാന്‍ കഴിയുക എന്നുള്ളതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വെല്ലുവിളി.