ഇന്ത്യയിപ്പോള്‍ അനീതിയുടെ ആഘോഷത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് സാങ്കേതികമായി ഏറ്റുമുട്ടലിലാണ്. എന്നാല്‍ ഏവര്‍ക്കുമറിയാം അത് വധശിക്ഷ പോലീസ് നടപ്പാക്കുകയായിരുന്നു എന്ന്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞത് പ്രതികാരമല്ല നീതി എന്നാണ്. എന്നാല്‍ ഇന്ത്യന്‍ ജനത പ്രതികാരത്തില്‍ നീതിയെ കാണുന്നു. അതുകൊണ്ടാണ് പ്രതികളെ വെടിവെച്ചുകൊന്ന പോലീസുകാരെ പുഷ്പവൃഷ്ടി നടത്തി ജനം ആദരിക്കുന്നത്.
ഇത് ജനായത്തം സാങ്കേതികമായി മാത്രം ഇന്ത്യയില്‍ നിലനില്ക്കുന്നു എന്നുള്ളതിന്റെ വിജ്ഞാപനമാണ്. ജനായത്തത്തിന് പകരം അരാജകത്വവും കാട്ടുനീതിയും പ്രതിഷ്ടിക്കപ്പെടുകയുമാണ് ഇതുവഴി ചെയ്തിരിക്കുന്നത്. സ്വാഭാവികമായും നീതി നിഷേധിക്കപ്പെടുന്ന ജനായത്ത സംവിധാനം തന്നെയാണ് ഇതിനുത്തരവാദി. അതിന് പരിഹാരം ഒരിക്കലും അനീതിയുടെ വാഴ്ചയല്ല. ഇത് ആള്‍ക്കൂട്ടം കരുതുന്നതിനേക്കാള്‍ കൊടിയ അനീതിയിലൂടെ വ്യക്തിക്കും സമൂഹത്തിനും കടന്ന് പോകേണ്ടിവരും.
ഒരുദാഹരണം നോക്കാം തികച്ചും സാങ്കല്പികം. ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതില് ഏതെങ്കിലും ഉന്നതരുടെ മക്കള്‍ക്ക് പങ്കുണ്ടെന്ന് വിചാരിക്കുക. സാഹചര്യ തെളിവുകള്‍ നോക്കുമ്പോള്‍ കൊല ചെയ്യപ്പെട്ട പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ സ്ഥിരീകരിച്ചേക്കാന് പറ്റും. എന്നാല്‍ അവരെ ആരെങ്കിലും ഈ ദൗത്യത്തിന് നിയോഗിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അങ്ങിനെയാകാം, അങ്ങിനെയാകാതിരിക്കാം. അങ്ങിനെയാകുന്ന പക്ഷം ഹൈദരാബാദ് സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയോ, പ്രതികളോ രക്ഷപ്പെടുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥാ വിശേഷമുണ്ടാകുന്നു. അങ്ങിനെയെങ്കില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണോ ഈ നാലുപേരെ കൊന്നതെന്ന് കാണേണ്ടി വരും.
ഇതാണ് നീതിയുടെ മാര്‍ഗത്തില്‍ നിന്ന് വഴിമാറി പ്രതികാരത്തെ നീതിയായി കാണുമ്പോള്‍ സംഭവിക്കുന്ന ദുരന്തം. നീതിയും നിയമവും ആള്‍ക്കൂട്ടം കൈയിലെടുക്കുന്ന ഒരു പുത്തന്‍ പ്രവണതയിലേക്കാണ് ഹൈദരാബാദ് സംഭവം വാതില്‍ തുറന്നിട്ടിരിക്കുന്നത്.