Skip to main content

katherine viner

 

വിശ്വാസ്യതയുടേയും ബഹുമാന്യതയുടേയും പത്രമായി കരുതപ്പെടുന്ന ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിന്റെ അധിപയായി കാതറിൻ വൈനര്‍ നിയമിതയായിരിക്കുന്നു. പത്രത്തിന്റെ യു.എസിലെ എഡിറ്റർ ഇൻ ചീഫ് ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാതറിനെ ഈ ചരിത്ര ദൗത്യം തേടിയെത്തിയിരിക്കുന്നത്. 1821-ൽ ആരംഭിച്ച ഗാർഡിയൻ ദിനപ്പത്രത്തിന്റെ പന്ത്രണ്ടാമത്തെ എഡിറ്റർ ഇൻ ചീഫും ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയുമാണ്‌ കാതറിന്‍. ഇതുരണ്ടും കാതറിനെ മാദ്ധ്യമചരിത്രത്തിന്റെ ഭാഗമാക്കുന്നു. ആസ്ത്രേലിയയില്‍ ഗാർഡിയന്റെ സാന്നിദ്ധ്യത്തെ വിജയത്തിലെത്തിച്ചതിലൂടെയാണ് അവരുടെ പത്രപ്രവർത്തനത്തിലെ നേതൃത്വപരമായ കഴിവ് കൂടുതൽ വെളിവായത്. അതിനെത്തുടർന്നാണ് അവർ ഗാർഡിയന്റെ യു.എസിലെ എഡിറ്റർ ഇൻ ചീഫ് ആയി നിയമിതയായത്.

 

ഗാർഡിയനും ഞായറാഴ്ചപ്പത്രമായ ഒബ്‌സർവറും സ്കോട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ രണ്ടിന്റേയും കൂടി ചുമതലയാണ് ഈ നാൽപ്പത്തിനാലുകാരിയുടെ കൈകളിലേക്കെത്തിയിരിക്കുന്നത്. ഇത് ചരിത്ര നിയോഗമായി മാറുന്നത് കാതറിൻ ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന കാലഘട്ടത്തിന്റെ പ്രത്യേകതയിലൂടെയാണ്. കാരണം മാനവ സമുദായത്തിന്റെ ആവിർഭാവത്തിന് ശേഷം ആദ്യമായാണ് സ്ത്രീകൾക്ക് പൂർണ്ണായും വഴങ്ങുന്ന ആയുധം അവർക്ക് കരഗതമാകുന്നത്. അതാണ് ഡിജിറ്റൽ സംവിധാനം. അതിനാൽ സ്ത്രീകൾക്ക് പൂർണ്ണമായി വഴങ്ങുന്ന ഉപാധി ആഥവാ ആയുധത്തിലൂടെ മാനവ സമൂഹം പുതിയ ലോകസൃഷ്ടിയെ കാണാൻ പോവുകയാണ്. പഴയ ലോകത്തിൽ നിന്നു പുതിയതിലേക്ക് നീങ്ങുമ്പോൾ നിലവിലുള്ളത് പലതും കുലുങ്ങുന്നതിന്റെ കാഴ്ച ഇന്ന് വ്യക്തികളിലും ഭവനങ്ങളിലും പ്രാദേശികമായും ആഗോള തലത്തിലും കാണുന്നുണ്ട്. മാറ്റങ്ങളെ ഇതുവരെ കണ്ടു ശീലിച്ച പഴക്കങ്ങളുടെ വെളിച്ചത്തിലാണ് ഇപ്പോഴും ഒരു പരിധിവരെ ലോകം കാണുന്നത്.

 

പുതിയ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തനത്തെ എങ്ങോട്ട് കൊണ്ടുപോകണം എന്നറിയാതെ കിടന്ന്‍ അലമുറയിടുന്ന അച്ചടി മാദ്ധ്യമത്തെയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നേതൃസ്ഥാനത്തേക്ക് നീങ്ങി മറ്റെല്ലാ മാദ്ധ്യമങ്ങൾക്കും വഴികാട്ടിയാകേണ്ടിയിരുന്ന അച്ചടി മാദ്ധ്യമം അല്ലെങ്കിൽ വർത്തമാനപ്പത്രങ്ങൾ  സ്വയം പതറിപ്പോയ അവസ്ഥയിലേക്ക് പതിക്കുകയാണുണ്ടായത്. എങ്ങനെ ഡിജിറ്റൽ യുഗത്തിൽ പെരുമാറണം, പ്രതികരിക്കണം എന്നറിയാതെയായിപ്പോയി. പകരം ഉയർന്നുവന്ന അച്ചടി മാദ്ധ്യമപ്രവർത്തനം മൂന്നാം പേജ് ജേണലിസത്തിലേക്ക് അറിഞ്ഞും അറിയാതെയും വീണു. മൂന്നാം പേജ് ജേണലിസം എന്നത് പണത്തിനുവേണ്ടി എന്ത് വൃത്തികെട്ട വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന വ്യക്തിസ്വഭാവത്തിന്റെ മാദ്ധ്യമ പരിഭാഷയാണ്. ഈ പരിവർത്തനത്തിന് തടസ്സമായി നിന്നത് ജീവിത വീക്ഷണവും ലോകവീക്ഷണവുമുള്ള എഡിറ്റർമാരായിരുന്നു. അവർ  ഈ മാറ്റത്തിന്റെ ഘട്ടത്തിൽ വളരെ അനായാസമായി നീക്കം ചെയ്യപ്പെട്ടു. പകരം സർക്കുലേഷൻ മാനേജർമാരേക്കാൾ പത്രത്തിന്റെ കോപ്പി വർധിപ്പിക്കുന്നതിന് ആവലാതി കൊള്ളുന്ന എഡിറ്റർമാർ നിയമിക്കപ്പെട്ടു. അവരാകട്ടെ പത്രപ്രതി വർധിപ്പിക്കുന്നതിന് സ്വീകരിച്ചത് സർക്കുലേഷൻ മാനേജർമാർ പറയുന്ന കാര്യങ്ങളും. അതാണ് മൂന്നാം പേജ് ജേണലിസത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ചത്. ക്രമേണ മൂന്നാം പേജ് ജേണലിസം ഒന്നാം പേജിലേക്ക് കയറിവന്നു. ഈ കാലഘട്ടത്തിലാണ് ഏതാനും വർഷങ്ങൾ വരെ സ്ത്രീകൾ അടിവസ്ത്രമായി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അവരുടെ വേഷമായി തന്നെ മാറിയതും. ഇതും പത്രപ്രവർത്തനത്തിലെ പരിണതിയും തമ്മിൽ നേരിട്ടുള്ള ബന്ധം കാണാവുന്നതാണ്. ഇത് മാറിയ കാലഘട്ടത്തിലെ മാറ്റത്തെ അറിയാൻ കഴിയാതെ പുതിയ യുഗം മുന്നോട്ട് വെക്കുന്ന ലാഭം വർധിപ്പിക്കാനുള്ള അപാര സാധ്യതകൾ മാത്രം കാണാൻ കഴിയുന്ന അൽപ്പബുദ്ധികളായ മാനേജ്‌മെന്റുകളുടെ പരിമിത വീക്ഷണം കൊണ്ടുണ്ടായതാണ്. ഇവിടെയാണ് പുതിയ യുഗം മാറ്റം വരുത്തുന്ന സംസ്കാരത്തെ തിരിച്ചറിയാനും പുതിയ സംസ്കാരത്തിന്റെ സൂക്ഷ്മാംശങ്ങൾ തൊട്ടറിയാനും വേണ്ട ശേഷിയുടെ പ്രസക്തി.

 

ഈ ഘട്ടത്തിൽ ഗാർഡിയൻ-ഒബ്‌സർവർ പത്രങ്ങളുടെ അധിപയായി കാതറിൻ വൈനര്‍ വരുന്നത് ലോകം ഉറ്റുനോക്കുന്നു. ഗാർഡിയൻ പത്രത്തിന്റെ പാരമ്പര്യം തുടരുക തന്നെയാവും താൻ ചെയ്യുകയെന്ന് കാതറിൻ പറയുന്നു. അതേ സമയം അവർ തന്റെ സഹപ്രവർത്തകരെ തൊഴിൽപരമായി ഓർമ്മിപ്പിച്ച വസ്തുത അവരിലുള്ള പ്രതീക്ഷയെ അസ്ഥാനത്താക്കുന്നില്ല. അവർ പറഞ്ഞത്, പ്രാഥമികമായി ഡിജിറ്റലാകൂ, അച്ചടിയെ മാറോട് ചേർക്കൂ, അതേ സമയം ഭൂതകാലത്തിന്റെ ചുഴിയിൽ പെടാതിരിക്കൂ. ഇത് വെളിച്ചത്തിന്റെ വാചകമായി കാണാൻ കഴിയുന്നതാണ്. കാരണം ഡിജിറ്റൽ ആകൂ എന്ന് മാധ്യമപ്രവർത്തകരോട് പറയുമ്പോൾ ഡിജിറ്റൽ ഉപകരണം ഉപയോഗിക്കൂ എന്നല്ല. മറിച്ച് ഡിജിറ്റൽ യുഗത്തെ തിരിച്ചറിയൂ എന്നാണ്. വെർച്ചൽ ലോകത്തെ അറിയൂ എന്നാണ്. അതിന്റെ സംഘസ്വഭാവവും സുതാര്യസ്വഭാവും (നെറ്റ് വർക്കിംഗ് ആൻഡ് ട്രാൻസ്‌പേരൻസി)അറിയുക എന്നു തന്നെയാവണം അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക. അതിന്റെ പരിണത ഫലമാണ് ക്ലാരിറ്റി അഥാവാ വ്യക്തത. കാഴ്ചകളുടെ പ്രളയത്തിൽ വ്യക്തമായ കാഴ്ച മനുഷ്യന് നഷ്ടപ്പെടുന്നുവെന്നതാണ് വർത്തമാന മനുഷ്യൻ നേരിടുന്ന മുഖ്യ വെല്ലുവിളി. അവിടെയാണ് അച്ചടിയെ മാറോടണയ്ക്കൂ എന്നു പറയുമ്പോൾ മനുഷ്യന്റെ സംശയങ്ങളെ അകറ്റി വഴികാട്ടിയായി മാറി പ്രിന്റ് മാധ്യമത്തിന്റെ യഥാർഥ ശക്തിയിലേക്കു ഉയരൂ എന്നാണ് അവർ ഉദ്ദേശിക്കുന്നതെന്ന് അനുമാനിക്കാവുന്നതാണ്. മറിച്ച് കഴിഞ്ഞകാലത്തിന്റെ അബോധാവസ്ഥയിൽ നിക്ഷിപ്തതാൽപ്പര്യങ്ങൾക്കുവേണ്ടി രൂപം കൊണ്ട വികലമായ സ്ത്രീശക്തി വീക്ഷണത്തിലൂടെ കാതറിനും നീങ്ങുകയാണെങ്കിൽ അത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി ചരിത്രം തന്നെ രേഖപ്പെടുത്തും. അതാകാൻ വഴിയില്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. അതു തന്നെ പ്രതീക്ഷിക്കാം.

Tags