ദേശീയ ഗെയിംസിന്റെ പ്രചരണാർഥം ജനുവരി 20 കേരളത്തിൽ നടന്ന റണ്‍ കേരള റണ്‍ പുതിയ ചരിത്രം കുറിച്ചു. പരിപാടികൾ പരസ്യമായി ലേലം കൊണ്ട് വർത്തമാനപത്രം ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയായി മാറിയതിന്റെ ചരിത്രമുഹൂർത്തമായിരുന്നു അത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികള്‍ അച്ചടിക്കുന്ന മലയാള മനോരമയാണ് സംസ്ഥാന സർക്കാരിൽ നിന്ന്‍ പത്തുകോടി രൂപ വാങ്ങി റണ്‍ കേരള റണ്‍ സംഘടിപ്പിച്ചത്. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസ്സാരിയോ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ റണ്‍ കേരളാ റണ്ണിന്റെ കരാറിനുവേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ പത്തുകോടി രൂപ ലേലത്തുക ക്വോട്ട് ചെയ്ത മനോരമയുടേതായിരുന്നു ഏറ്റവും കുറഞ്ഞ തുക. അങ്ങിനെയാണ് സംസ്ഥാന സർക്കാരിന്റെ പരിപാടി നടത്തിപ്പ് മനോരമയുടെ കൈകളിലേക്കെത്തിയത്.
മറ്റ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ ക്വോട്ട് കൂടാൻ കാരണം പരസ്യപ്രചാരണത്തിന് നല്ല തുക വേണ്ടി വരുമെന്നതുകൊണ്ടാണ്. റണ്‍ കേരള റണ്‍ മനോരമയ്ക്ക് കിട്ടിയതോടെ കേരളത്തിലെ മറ്റ് മാധ്യമങ്ങൾ എല്ലാം ദേശീയ ഗെയിംസിന് എതിരായി തിരിഞ്ഞു. ചില പത്രങ്ങൾ ദേശീയ ഗെയിംസിന്റെ പോരായ്മകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാനായി പ്രത്യേക സംഘങ്ങളെത്തന്നെ നിയോഗിക്കുകയുണ്ടായി. അതുപോലെ ചാനലുകളും ദേശീയ ഗെയിംസിനെതിരെയുളള വാർത്തകൾ കൊണ്ട് നിറഞ്ഞു. ജനം ഈ റിപ്പോർട്ടുകൾ കണ്ട് ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുമോ എന്നുപോലും സംശയിക്കുന്ന അവസ്ഥയിലെത്തി. അതേസമയം, സച്ചിൻ തെണ്ടുല്‍ക്കര്‍, മോഹൻ ലാൽ തുടങ്ങി ചലച്ചിത്ര രംഗത്തേയും മറ്റ് മേഖലകളിലുള്ളവരേയും പങ്കെടുപ്പിച്ചുകൊണ്ട് കേരളം ഒന്നടങ്കം ഓടാനൊരുങ്ങുന്നു എന്ന വാർത്തകൊണ്ട് മനോരമ പത്രവും ചാനലും നിറഞ്ഞു. കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹാസംഭവമായി ഈ പരിപാടിയെ മനോരമ ഉയർത്തിക്കൊണ്ടുവരുവാനും ശ്രമിച്ചു. അപ്പോഴാണ് വിപരീത വാർത്തകൾ സൃഷ്ടിച്ച ആഘാതം സർക്കാരിന് തലവേദനയായത്. ദേശീയ ഗെയിംസിന്റെ ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാനൽ മേധാവിമാരേയും മറ്റ് പ്രമുഖ പത്രങ്ങളുടേയും മേധാവികളെ വിളിച്ച് സന്ധി സംഭാഷണം നടത്തി. ഏറ്റവും കുറഞ്ഞ ക്വോട്ട് വന്നതിനാലാണ് മനോരമയ്ക്ക് ഇത് ലഭിച്ചതെന്നും ഭാവിയിൽ ഇതേപോലെ ഇപ്പോൾ കിട്ടാത്ത മാധ്യമങ്ങൾക്ക് സർക്കാർ പരിപാടികൾ നൽകാമെന്നും മന്ത്രി ഉറപ്പു നൽകി. മാത്രവുമല്ല, മറ്റ് പത്രങ്ങൾക്കും ഫുൾപ്പേജ് പരസ്യവും ചാനലുകൾക്ക് മോശമല്ലാത്ത പരസ്യവും മനോരമയെക്കൊണ്ട് നൽകിക്കാമെന്നും മന്ത്രി ഇവർക്കു ഉറപ്പു നൽകി. റണ്‍ കേരളാ റണ്‍ നടക്കുന്ന ദിവസം മറ്റു പത്രങ്ങളിലും ചാനലുകളിലും പറഞ്ഞതുപോലെ പരസ്യം വരികയും ചെയ്തു.
ചരിത്രം കുറിക്കുന്നത് ഇതൊന്നുമല്ല. ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ്. തലസ്ഥാന നഗരിയിലെ മുതിർന്ന പത്രപ്രവർത്തകര്‍ മുതൽ പ്രാദേശിക ലേഖകർ വരെയാണ് മലയാള മനോരമ പത്തുകോടി രൂപയ്ക്ക് കരാറെടുത്ത ഈ റണ്‍ കേരള റണ്‍ സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും മനോരമയുടെ ലേഖകർ തമ്മിൽ പോലും മത്സരം നടക്കുകയുണ്ടായി. പ്രാദേശിക ലേഖകർ സംഘടിപ്പിച്ച സിനിമാ താരങ്ങളെ തങ്ങളുടെ ഔദ്യോഗിക മേധാവിത്വം ഉപയോഗിച്ച് ജില്ലാ ലേഖകർ ജില്ലാ ആസ്ഥാനത്ത് ഓടിക്കാനായി തട്ടിയെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രാദേശിക ലേഖകരുൾപ്പടെയുള്ള മനോരമ ലേഖകരുടെ മുഖ്യ ചുമതല റണ്‍ കേരള റണ്‍ നടത്തിപ്പ് മാത്രമായിരുന്നു. വാർത്ത തയ്യാറാക്കുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനും പ്രത്യേക നേതൃത്വത്തിൽ സംഘം തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം. ആളുകളെ സംഘടിപ്പിക്കുതിനായി യാത്രയ്ക്കും മറ്റുമായി പ്രത്യേക ഫണ്ടും അനുവദിച്ചുനൽകിയെന്നാണ് അറിയുന്നത്.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി പത്ര-ചാനൽ മേധാവികൾ നടത്തിയ ചർച്ചയ്ക്കു ശേഷം ദേശീയ ഗെയിംസ് വിരുദ്ധ വാർത്തകൾ പെട്ടെന്ന് അപ്രത്യക്ഷമായി. വിരുദ്ധവാർത്താ സമാഹരണത്തിനായി സംഘങ്ങളെ നിയോഗിച്ച പത്ര സ്ഥാപനങ്ങളും അതിൽ നിന്ന്‍ പിന്മാറി. ഓട്ടം നടക്കുമ്പോൾ ഒരു സാധാരണ ചടങ്ങ് നടക്കുന്നതുപോലെ മാത്രം കൊടുത്താൽ മതിയെന്ന നിർദ്ദേശവും മറ്റ് മാദ്ധ്യമങ്ങൾ അവരുടെ ലേഖകർക്ക് നൽകി. മനോരമ ഇവന്റ് മാനേജ്‌മെന്റ് ആരംഭിച്ച സാഹചര്യത്തിൽ മറ്റൊരു പത്രവും അത്തരത്തിലൊരു കമ്പനിക്ക് രൂപം കൊടുത്ത് രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ റണ്‍ കേരളാ റണ്ണോടു കൂടി പത്രങ്ങൾ പരസ്യമായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളായി കേരളത്തിൽ മാറുന്നു. തങ്ങളുടെ മാദ്ധ്യമത്തിലൂടെ മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേകം അസൈൻമെന്റ് നൽകി മറ്റ് സ്റ്റാഫിനെ വയ്ക്കാതെ തന്നെ സാധാരണ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ ഹോർഡിംഗുകളിലൂടെയും പത്ര-ചാനൽ പരസ്യങ്ങളിലൂടെയും പ്രചാരം സൃഷ്ടിക്കുന്നതിനേക്കാൾ ഫലവത്തായി പത്ര-ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കഴിയും. അതാണ് മനോരമ തെളിയിച്ചിരിക്കുന്നത്.
ജനുവരി 21-ലെ മലയാള മനോരമ പത്രം ഉപഭോക്തൃ നിയമമനുസരിച്ച് ചോദ്യം ചെയ്യാവുന്നതാണ്. ആറു രൂപ കൊടുത്താണ് ഉപഭോക്താവ് പത്രം വാങ്ങുന്നത്. ജനുവരി 21-ലെ പത്രത്തിൽ കൊച്ചി പതിപ്പിലെ ഒന്നാം പേജിൽ റണ്‍ കേരള റണ്ണിന്റേതല്ലാത്തത് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ചെറിയൊരു വാർത്ത മാത്രം. മുഖ്യവാര്‍ത്ത ഓട്ടത്തിന്റെ തന്നെ രണ്ട് എട്ട് കോളം ചിത്രങ്ങളോടെ. ഉൾപ്പേജുകളും, പോരാത്തതിന് സപ്ലിമെന്റുകൾ മുഴുവനും, ഓരോ സ്ഥലത്തേയും ഓട്ടവാർത്തകൾ കൊണ്ട് നിറച്ചിരിക്കുന്നു. പത്തുകോടി രൂപ സർക്കാരിൽ നിന്നും വാങ്ങി മനോരമ നടത്തിയ പരിപാടി ആറു രൂപ നൽകി പത്രം വാങ്ങിയ ഉപഭോക്താവിന്റെ മേൽ വാർത്തയെന്ന വ്യാജേന അടിച്ചേൽപ്പിച്ചിരിക്കുന്നു. ഇത് പെയ്ഡ് ന്യൂസിനേക്കാൾ വ്യാപ്തിയുള്ളതാണ്. പെയ്ഡ് ന്യൂസുകൾ പലപ്പോഴും മൂന്നാം പേജിലേക്കും ഉൾപ്പേജിലേക്കും ഒതുങ്ങുമ്പോൾ ഇവിടെ മനോരമ പത്തുകോടി രൂപ സർക്കാരിൽ നിന്നു വാങ്ങി നടത്തുന്ന പ്രചാരണ പരിപാടി മുഖ്യവാർത്തയും പത്രം മുഴുവനെന്നോണം അതുകൊണ്ട് നിറയ്ക്കുകയും ചെയ്തിരിക്കുന്നു. മാദ്ധ്യമപ്രവർത്തനത്തേയോ മാദ്ധ്യമപ്രവർത്തകരേയോ ഇകഴ്ത്തുന്നതിനേക്കാളുപരി വാർത്തയുടെ പേരിൽ പത്രം വാങ്ങുന്ന ഉപഭോക്താവിനെ ബോധപൂർവ്വം കബളിപ്പിക്കുന്ന വിധമായിപ്പോയി ഇത്. പത്രങ്ങളും ചാനലുകളുമുൾപ്പടെ മറ്റ് മാദ്ധ്യമങ്ങളും ഇവന്റ് മാനേജ്‌മെന്റ് മാദ്ധ്യമപ്രവർത്തനത്തിൽ വരും നാളുകളിൽ സജീവമാകുമെന്നു ഉറപ്പായി. മാദ്ധ്യമസ്ഥാപനങ്ങൾ പണം വാങ്ങി നടത്തുന്ന ഇവന്റുകളെ വായനക്കാരും പ്രേക്ഷകരും വാർത്തയായി സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. വായനക്കാരും പ്രേക്ഷകരും ഉറക്കത്തിലായിരിക്കുന്നിടത്തോളം കാലം ഇത് തഴയ്ക്കുമെന്നുള്ളതിൽ സംശയവും വേണ്ട.