Skip to main content

pc george

ജനായത്ത സംവിധാനം അതിന്റെ ജീര്‍ണ്ണതകള്‍ മുഴുവന്‍ പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്. എങ്കിലും സാങ്കേതികതയുടെ അടിത്തറയില്‍ ജനായത്ത സംവിധാനം അതിന്റെ ശക്തി പൂര്‍ണ്ണമായും ചോര്‍ന്നു പോകാതെ പ്രയോഗത്തില്‍ വരുന്നു എന്നതാണ് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ സവിശേഷത. ജനായത്ത സംവിധാനത്തിന്റെ ഈ രണ്ടു വശങ്ങളുടെയും മുഖമാണ് പി.സി.ജോര്‍ജ് എം.എല്‍.എ.
          

 

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു കിട്ടി എന്ന സാങ്കേതികത മാത്രമാണ് ജോര്‍ജിനെ എം.എല്‍.എ ആക്കിയത്.ജനായത്ത സംവിധാനത്തിലെ നാലാംതൂണാണ് മാധ്യമങ്ങള്‍. ആ നാലാം തൂണിന്റെ ക്ഷയവും ജീര്‍ണ്ണതയുമാണ് ജോര്‍ജ്ജിന് ജനായത്ത സംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തത്. വിശേഷിച്ചും ചാനലുകള്‍. ഒരു വ്യക്തിയുടെ പ്രാഥമിക സംസ്‌കാരം പൊതു സമൂഹത്തില്‍ ശ്ലീലമല്ലാത്ത വിധം സംസാരിക്കാതിരിക്കുക എന്നതാണ്. ജോര്‍ജ്ജിന് ഈ പ്രാഥമിക സംസ്‌കാരം തെല്ലുമില്ല. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാര്‍ രാജിവെയ്ക്കാനിടയായ സംഭവങ്ങളുണ്ടായപ്പോള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ജോര്‍ജ്ജിന്റെ ഭാഷ വഷളും അശ്ലീലവുമായിരുന്നു. അത്തരം സംഭാഷണം ആള്‍ക്കാരെ ആകര്‍ഷിക്കുമെന്ന ചാനലുകളുടെ അശ്ലീലത്തോടുള്ള താല്പര്യമാണ് ജോര്‍ജ്ജിന് അനവസരത്തില്‍ പോലും അവസരങ്ങള്‍ നല്‍കിയത്. ഒരു തരത്തില്‍ കേരള സമൂഹത്തില്‍ അശ്ലീലത്തിനു ലഭിച്ച സ്വീകാര്യതയാണ് പി.സി.ജോര്‍ജിന് ജനപ്രനിധിയാകാനും ചാനല്‍ പ്രതികരണക്കാരനാകാനും സഹായിച്ചത്.
       

 

ഏതു സംഭവ വികാസവും ഉണ്ടാവുമ്പോള്‍ ജോര്‍ജ്ജ് ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചാനലിലെത്തും. നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ജോര്‍ജ്ജ് ദിലീപിനുയും വേണ്ടി എത്തി. വര്‍ത്തമാനകാല ഭാഷയില്‍ പറഞ്ഞാല്‍ ദിലീപിന്റെ ചാനല്‍ ക്വട്ടേഷനുമായി. അശ്ലീലമായ കാര്യങ്ങള്‍ അറപ്പില്ലാതെ പറയുന്ന ജോര്‍ജ്ജിന് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ള യോഗ്യതയെന്തെന്ന് ചാനലുകാര്‍ വ്യക്തമാക്കേണ്ടതാണ്.ദില്ലിയില്‍ കൊല ചെയ്യപ്പെട്ട നിര്‍ഭയയുടെ അനുഭവവുമായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് ജോര്‍ജ്ജ് ഉപമിച്ചു. വെറും രണ്ടു മണിക്കൂര്‍ നേരത്തെ പീഡനം മാത്രമാണ് കൊച്ചിയില്‍ നടിക്കു നേരിടേണ്ടി വന്നതെന്നും  സംഭവം നടന്ന് രണ്ടാം ദിവസം നടി അഭിനയിക്കാന്‍ പോയിയെന്നും പറഞ്ഞു കൊണ്ടാണ് ജോര്‍ജ്ജ് നടി നേരിട്ട പീഡനത്തെ നിസ്സാരവത്ക്കരിച്ചത്.
         

 

ജോര്‍ജ്ജിന്റെ പൊതു സംസ്‌കാരം വച്ചു നോക്കിയാല്‍ ഈ പ്രതികരണത്തില്‍ അസ്വാഭാവികതയൊന്നുമില്ല. അദ്ദേഹത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഇത്തരം സംഭവങ്ങളൊക്കെ നിത്യേനയെന്നോണം നടക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ രണ്ടു മണിക്കൂര്‍ നഗരമധ്യത്തില്‍ ഒരു യുവതി പീഡിപ്പിക്കപ്പെട്ടതിന്റെ തീക്ഷ്ണത എന്താണെന്ന് ജോര്‍ജ്ജിന് അറിയാന്‍ കഴിയുകയില്ല. ഒരു തമാശക്കപ്പുറം ആ സംഭവത്തെ കാണാന്‍ കഴിയുന്ന സംസ്‌കാരമല്ല ജോര്‍ജ്ജിന്റെത്.അത് ജോര്‍ജ്ജിന്റെ കുറ്റവുമല്ല. മുദ്രാവാക്യം മുഴക്കിയത് അലോസരപ്പെടുത്തിയതിനെ തുര്‍ന്ന് തോട്ടം തൊഴിലാളികളുടെ നേര്‍ക്ക് ജോര്‍ജ്ജ് തോക്കു ചൂണ്ടിയത് അടുത്തിടെയാണ്. ഒരു വിധത്തിലും പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടാന്‍ യോഗ്യനല്ലാത്ത വ്യക്തിയാണ് ജോര്‍ജ്ജ്. അത് അദ്ദേഹം ജനിച്ചു വളര്‍ന്ന സാഹചര്യത്തിേന്റെതു കൂടിയാണ്. അതിനാല്‍ ജോര്‍ജ്ജിന്റെ സ്വരവും രൂപവും ചാനലുകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. അങ്ങനെയാകുമ്പോള്‍ പത്രങ്ങളില്‍ നിന്നും ഈ അനാവശ്യ സാന്നിദ്ധ്യം ഒഴിഞ്ഞു കൊള്ളും

Tags