Skip to main content

fake-hartal

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏപ്രില്‍ 16ന് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിനെ വിശേഷിപ്പിച്ചത് വ്യാജഹര്‍ത്താല്‍ എന്നാണ്. എന്നാല്‍ ജനങ്ങളെ സംബന്ധിച്ച് ഹര്‍ത്താല്‍ നടന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഹര്‍ത്താലുമായിരുന്നു. ഇത്രയധികം അക്രമങ്ങളും ജനങ്ങള്‍ ബുദ്ധിമുട്ടും അനുഭവിച്ച ഹര്‍ത്താല്‍ സമീപകാലത്തെങ്ങും കേരളം കണ്ടിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷം വിശേഷിച്ചും സി.പി.എം വ്യവസ്ഥാപിതമാക്കിയ ബന്ദ് സംസ്‌കാരമാണ് ഏപ്രില്‍ 16 ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പ്രചോദനവും വഴികാട്ടിയും സ്രോതസ്സുമായി മാറിയത്.

 

കേരളത്തിലെ 2018 ഏപ്രില്‍ 16 ലെ ഹര്‍ത്താല്‍ വിശകലം ചെയ്താല്‍ കിട്ടുന്നത് വ്യക്തവും പ്രകടവുമായ ഒട്ടേറെ ഗുരുതര രോഗലക്ഷണങ്ങളാണ്.ഈ ഹര്‍ത്താല്‍ എവിടെയൊക്കെ രൂക്ഷമായി നടത്തപ്പെട്ടു എന്ന് പരിശോധിച്ചാല്‍ തെളിയുന്നത് കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ ഭീകര മുഖമാണ്. ഹര്‍ത്താലില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തില്‍ എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനത്തെ ഭരണകൂടം ഗൗരവമായി വീക്ഷിച്ചില്ലെങ്കില്‍ പ്രത്യാഘാതം അതി ഗുരുതരമായിരിക്കും. എസ്.ഡി.പി.ഐ പൊതുമണ്ഡലത്തില്‍ സ്വാധീനം നേടുന്നതും പ്രവര്‍ത്തനപരത കാണിക്കുന്നതും മതേതരത്വ ചിഹ്നങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. അതാകട്ടെ ഇടതുപക്ഷവും, ബുദ്ധിജീവികളും, മാധ്യമ പണ്ഡിതരും പങ്കുവയ്ക്കുന്ന അതേ മതേതരത്വ സമീപനവും പ്രകടനവും. ഇവിടെ എസ്.ഡി.പി.ഐ ബുദ്ധിപരമായി കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയ ചിറകിലേക്ക് തങ്ങളുടെ വര്‍ഗീയതയുടെ കാറ്റിനെ കടത്തിവിട്ട് പറന്നുയരാന്‍ ശ്രമിക്കുന്നു. ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും ഹിന്ദു തീവ്രവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഫലത്തില്‍ മുസ്ലിം തീവ്രവാദത്തോട് മൃദു സമീപനം പുലര്‍ത്തുന്നുണ്ട്. ഇതും എസ്.ഡി.പി.ഐ പ്രയോജനപ്പെടുത്തുന്നു.

 

ദുരന്തങ്ങള്‍ എവിടെ നടന്നാലും, ആര്‍ക്ക് സംഭവിച്ചാലും അതിനെ ദുരന്തമായി തന്നെ കാണുന്നതാണ് മാനവികത. പലപ്പോഴും എസ്.ഡി.പി.ഐ മാനവികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നത്. തൊടുപുഴയില്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം, കത്തുവ സംഭവത്തെപ്പോലെതന്നെ ദുരന്തപൂര്‍ണമാണ്. തകര്‍ന്ന കുടുംബവും ഏച്ചു വച്ച കൈപ്പത്തിയുമായി ഇന്നും പ്രൊഫസര്‍ കേരളത്തിന്റെ മുമ്പിലുണ്ട്. ആ സംഭവത്തില്‍ എസ്.ഡി.പി.ഐയോ അതുപോലുള്ള സംഘടനകളോ മാനവികതയെ കണ്ടിട്ടില്ല. ലാകം മുഴുവന്‍ ആസിഫയുടെ ദാരുണ മൃത്യുവില്‍ നൊന്തു. ആ വേദന ജാതി-മത-ദേശ ഭേദങ്ങളെ ഉല്ലംഘിക്കുന്നതായിരുന്നു. എന്നാല്‍ മനുഷ്യമനഃസാക്ഷിയെ വിറങ്ങലിപ്പിച്ച ആ സംഭവത്തെ വര്‍ഗീയ വത്കരിച്ച് കേരളത്തില്‍ സാമുദായിക സഘട്ടനം അതിവിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു.

 

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഏപ്രില്‍ 16ലെ ഹര്‍ത്താല്‍ കാരണമാകുന്നു. ബി.ജെ.പിയും ഹിന്ദു സംഘടനകളും ഈ ഹര്‍ത്താലിന് പിന്നിലെ വര്‍ഗീയ ശക്തികളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും എല്ലാം നിശബ്ദരാവുകയാണ്‌. കാരണം അവര്‍ വസ്തുത തുറന്ന്  പറഞ്ഞാല്‍ ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും അനുകൂലിക്കുകയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്ന ഭയത്താല്‍. ഈ സാഹചര്യമാണ് ബി.ജെ.പിയും മറ്റ് ഹിന്ദു സംഘടനകളും മുതലെടുക്കാന്‍ പോകുന്നത്. അവര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഈ അവസരത്തെ ഉപയോഗിക്കുക.എന്നാല്‍ അതേ സമയം അവരുടെ നിലപാടില്‍ വസ്തുത ഇല്ല എന്ന് പറഞ്ഞ്‌ തള്ളിക്കളയാനും പറ്റില്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നു. ഇതാണ് ഏപ്രില്‍ 16ലെ ഹാര്‍ത്താലിന്റെ ചരിത്രപരമായ പ്രാധാന്യം

 

ഈ ഹര്‍ത്താല്‍ വ്യക്തമായ ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഫലമായി ഉണ്ടായിട്ടുള്ളതാണ്. ആ കേന്ദ്രങ്ങളെ കൃത്യമായി കണ്ടുപിച്ച് അര്‍ഹമായ ശിക്ഷാനടപടികള്‍ ഉറപ്പാക്കിയില്ലെങ്കില്‍ കേരളം വലിയ വില കൊടുക്കേണ്ടിവരും. കാരണം അത്തരം ശക്തികളുടെ പ്രവര്‍ത്തനത്തിന് ഏപ്രില്‍ 16ലെ ഹര്‍ത്താല്‍ ഉത്തേജനവും ആത്മവിശ്വാസവും രാഷ്ട്രീയ സാധ്യതയും ഉറപ്പാക്കും. ഇവിടെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.