സോളാര്‍ കേസ്സില്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു ദിവസം കൂടി ക്ഷമിക്കാമായിരുന്നു. റിട്ട.ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രത്യേകത അതിന്റെ വിശ്വാസ്യതയാണ്. കാരണം വിശ്വാസ്യത ഉറപ്പാക്കുന്ന പ്രക്രീയയിലൂടെയാണ് കണ്ടെത്തലുകള്‍ നടത്തുന്നത്. സോളാര്‍ കേസ് അന്വേഷിച്ച് ഡി ജി പി ഹേമചന്ദ്രനുള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വേങ്ങര തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് ഈ നടപടി പ്രഖ്യാപിച്ചത് ഉചിതമായില്ലെന്നു മാത്രമല്ല അന്വേഷണം നേരിടുന്ന വ്യക്തികള്‍ക്ക് സര്‍ക്കാരിനെതിരെ പകപോക്കല്‍ ആരോപണമുന്നയിച്ച് പൊതുജനത്തിന്റെ മുന്നില്‍ സുഖമായി പ്രതിരോധിച്ചു നില്‍ക്കാന്‍ അവസരമായി. ഒരു പക്ഷേ കുറേ വോട്ട് കൂടുതല്‍ കിട്ടുകയോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ജയിക്കുകയോ ചെയ്‌തെന്നിരിക്കാം. അതിന്റെ പേരില്‍ സര്‍ക്കാര്‍ ധാര്‍മ്മികതയക്ക് ഏല്‍പ്പിച്ച പ്രഹരം വലുതായിപ്പോയി. കാരണം സോളാര്‍ കേസ് പ്രത്യക്ഷത്തില്‍ സമൂഹത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതാണ്. കാരണം വ്യഭിചാരവും സര്‍ക്കാര്‍ ആനുകൂല്യം നേടലുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍. സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കിയോ ഇല്ലയോ എന്നുള്ളത് പിന്നീട് ഉയരുന്ന വിഷയമാണ്.കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ എടുക്കുന്ന നടപടി ധാര്‍മ്മികത പുലര്‍ത്തേണ്ടതായിരുന്നു. ഒരു സംഗതി അതിന്റെ ഉദ്ദേശ്യത്തില്‍ നിന്നു മാറി മറ്റൊരു ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നതാണ് അധാര്‍മ്മികത.
കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധമുണ്ടായ,കേരള സമൂഹത്തിന്റെ ഭാവുകത്തത്തേയും വൈകാരികതയേയും അതുവഴി സാംസ്‌കാരികതയേയും ബാധിച്ച വിഷയമാണ് സോളാര്‍ കേസ്. ആ നിലയ്ക്ക് അത്തരമൊരു കേസ്സിനെക്കുറിച്ച് വിശദമായ തെളിവെടുപ്പിനു ശേഷം സമര്‍പ്പിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അതിന്റെ ഗൗരവത്തില്‍ കാണേണ്ടതായിരുന്നു. അതാണ് ഇപ്പോള്‍ വെറുമൊരു താല്‍ക്കാലിക ചെപ്പടിവിദ്യയക്കായി ഉപയോഗിക്കപ്പെട്ടത്. ഇത് സര്‍ക്കാരിന്റെ വിശ്യാസതയെ ഇല്ലായ്മ ചെയ്യുന്നതിനേക്കാള്‍ കമ്മീഷന്റെ കണ്ടെത്തലുകളെ അപ്രസക്തമാക്കിക്കളയുന്ന വിധത്തിലായിപ്പോയി. ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നു തോന്നുന്നുവെങ്കിലും, പരോക്ഷമായി ഈ ദിവസം നടപടി പ്രഖ്യാപിച്ചത് വെറുമൊരു രാഷ്ട്രീയ പ്രസ്താവന ലാഘവത്തോടെ നടത്തിയിട്ട് അന്വേഷണം നേരിടുന്നവര്‍ക്ക് പഴയ പടി തുടരാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു.