ഡോ.രശ്മി പിള്ള.ഒരാഴ്ചയ്ക്കു മുന്‍പ് കൊല്ലം മാടന്‍നടയില്‍ അവര്‍ അറസ്റ്റിലായി. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച് ആറ് വാഹനങ്ങളില്‍ ഇടിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.പിന്നീട് പോലീസുകാരെ ആക്രമിക്കാനും നോക്കി. സമൂഹത്തിന്റെ പൊതു മാനദണ്ഡമനുസരിച്ച് എല്ലാം കൊണ്ടും ഉന്നത ശ്രേണിയില്‍ പെട്ടവര്‍. അവരുടെ വാഹനം ബെന്‍സ് കാര്‍ . തലേ ആഴ്ചയില്‍ കൊല്ലത്തെ ഫാത്തിമാ കോളേജിനു സമീപത്തും കാറു കൊണ്ടിടിച്ചു. അതും ബെന്‍സ്. അതിനു ശേഷം വാങ്ങിയ ബന്‍സ് കാറാണ് മാടന്‍ നടയില്‍ അപകടമുണ്ടാക്കിയത്.
ഒറ്റനോട്ടത്തില്‍ അവര്‍ സമ്പന്നയാണ് .ധനത്തെ സമ്പന്നതയുമായി ചേര്‍ത്ത് സമൂഹം കാണുന്നു. ആ കാഴ്ചപ്പാടില്‍ എല്ലാവരും സമ്പന്നതയ്ക്കു വേണ്ടി പരക്കം പായുന്നു. യഥാര്‍ഥത്തില്‍ സമ്പന്നത എന്നത് സന്തോഷകരമായ അവസ്ഥ മാത്രമാണ്. ഇല്ലായ്മാ തോന്നലില്‍ നിന്നുണ്ടാകുന്ന ശൂന്യത സൃഷ്ടിക്കുന്ന പരവേശമാണ് ദാരിദ്ര്യം. ഈ ശൂന്യത ഉണ്ടാക്കുന്ന വേദനയില്‍ നിന്ന് പുറത്തു കടക്കാനുള്ള വ്യഗ്രതയാണ് എങ്ങനെയും ധനമുണ്ടാക്കാനുള്ള ശ്രമം. സന്തോഷമായ അവസ്ഥപോലെ ഇല്ലായ്മാ ബോധവും ഒരുമാനസികമായ അവസ്ഥ തന്നെ. ഇതുകൊണ്ടാണ് ധനം ഒരുപാടുണ്ടായാലും വീണ്ടും അധാര്‍മ്മികമായി ധനം വാരിക്കൂട്ടുന്നതില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയാതിരിക്കുന്നത്. ആഴ്ച വച്ച് ബെന്‍സ് കാര്‍ വാങ്ങാന്‍ ശേഷിയുള്ള ഡോ.രശ്മി നായര്‍ ഈ ദാരിദ്ര്യത്തിന്റെ ഇരയാണ്. വ്യവസ്ഥാപിതമായ എല്ലാ സൗകര്യങ്ങളും സ്ഥാനങ്ങളും ഉണ്ടായിട്ടും ഇല്ലായ്മാ തോന്നലിന്റെ ഗര്‍ത്തത്തില്‍ കിടക്കുന്ന വേദന അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ മദ്യപാനത്തിലേക്കു കടന്നു. അജ്ഞതയില്‍ നിന്നാണ് ദാരിദ്ര്യം ഉണ്ടാവുക.
സമ്പന്നതയെക്കുറിച്ചുള്ള പൊതു ധാരണ തന്നെയാണ് ധീരതയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. അതൂട്ടിയുറപ്പിക്കുന്നതാണ് സിനിമകളിലെ നായകസങ്കല്‍പ്പം. ധൈര്യത്തിന്റെ ഈ സങ്കല്‍പ്പത്താലാണ് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന ഏത് ഇന്ദ്രനും ചന്ദ്രനുമായാലും അവരുടെയിടയിലൂടെ നടക്കാന്‍ പേടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അടിയും ഇടിയും വെട്ടും കുത്തും കൊലയുമൊക്കെ സ്ഥിരം തൊഴിലാക്കിയവരും ഇങ്ങനെയൊക്കെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബാല്യം മുതല്‍ നേരിടുന്ന അനുഭവങ്ങള്‍ കൊണ്ടാണ് ഇക്കൂട്ടര്‍ ഇവ്വിധം പ്രവര്‍ത്തിക്കുന്നത്. മറ്റൊരാള്‍ തന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നുള്ള ഉപബോധമനസ്സിന്റെ കല്‍പ്പന മൂലമാണ് അങ്ങനെയുള്ളവര്‍ മറ്റുള്ളവരെ കായികമായി അക്രമിക്കുന്നതും ചിലപ്പോള്‍ കൊല്ലുന്നതും. വാക്കുകള്‍ കൊണ്ടും ചേഷ്ടകള്‍ കൊണ്ടും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും ഹിംസ തന്നെ. ഇവ്വിധം ഹിംസയിലേര്‍പ്പെടുന്നവര്‍ മഹാ ഭീരുക്കളായിരിക്കും. എല്ലാ ഹിംസകരുടെയും പ്രഭവകേന്ദ്രം പേടി തന്നെ.
ബാല്യത്തിലും യൗവനത്തിലും കൊടിയ വേദനകള്‍ സഹിച്ച വ്യക്തിയാണ് പിണറായി വിജയന്‍. ആ വേദനകളുടെ വിങ്ങിനില്‍ക്കുന്ന അഗ്‌നിപര്‍വ്വതമാണ് മുഖ്യമന്ത്രി.ഹെഡ്മാസ്റ്റര്‍ താഴ്ന്ന ക്ലാസ്സിലെ കുട്ടിയെ തന്റെ ഓഫീസ് മുറിയിലേക്ക് വിളിക്കുമ്പോള്‍ ചെയ്യുന്നതു പോലെ ഗവര്‍ണ്ണറുടെ അടുത്തേക്ക് പോകേണ്ടി വന്നത് ആ അഗ്‌നിപര്‍വ്വതത്തിലേറ്റ ആഘാതമാണ്. ഭരണഘടനാപരമായി അവ്വിധം രാജ്ഭവനിലേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്ന് വിനയത്തോടെ ഗവര്‍ണ്ണറെ അറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 'ചെന്നില്ലെങ്കില്‍ പിരിച്ചുവിട്ടു കളയുമോ എന്ന പേടി അദ്ദേഹത്തെ നയിച്ചിട്ടുണ്ടാകാം. പേടിയില്‍ ധീരമായ നിലപാടുകള്‍ എടുക്കുക സാധ്യമല്ല.
ഇങ്ങനെയുള്ളവര്‍ തങ്ങള്‍ക്ക് പരിക്കേല്‍ക്കില്ല എന്ന് ഉറപ്പുള്ളിടത്ത് ഹിംസ പ്രകടമാക്കി സ്വന്തം 'ശക്തി' ഉറപ്പാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് അസമാധനമനസ്സുമായി സമാധാന ചര്‍ച്ചക്കെത്തിയ അദ്ദേഹം ' കടക്കു പുറത്ത് ' എന്നു പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ആട്ടിപ്പുറത്താക്കിയത്. പേടി എന്നത് ആന്തരികമായ ദൗര്‍ബല്യമാണ്. അതിന്റെയും ഉറവിടം ഇല്ലായ്മാ ബോധം തന്നെ. അദ്ദേഹമറിയുന്നില്ലെങ്കിലും പിണറായി വിജയന്‍ അനുഭവിക്കന്നത് കടുത്ത വിഷാദമാണ്. അങ്ങനെയുള്ളവര്‍ക്ക് ചുരുങ്ങിപ്പോവുക, ചെറുതായിപ്പോവുക എന്നൊക്കെയുള്ള അവസ്ഥ നിലനില്‍പ്പ് ഭീഷണിയായാണ് തോന്നുക. ആ സമയത്ത് ആക്രമിക്കാനുള്ള വ്യഗ്രതയുണ്ടാകും. ഇപ്പോള്‍ എല്ലാവരും അദ്ദേഹത്തെ ആക്രമിക്കുന്നു. നാടന്‍ പ്രയോഗം എന്നൊക്കെപ്പറഞ്ഞ് മുഖ്യമന്ത്രിയെ
എം.എം.മണിയുമായി ചേര്‍ത്തുവെക്കാന്‍ കാനം രാജന്ദ്രന്‍ ശ്രമിച്ചിരിക്കുന്നു.
മുഖ്യമന്ത്രി അനുഭവിക്കുന്നതരത്തിലുള്ള പേടിയും വേദനയും എല്ലാവരും അനുഭവിക്കുന്നുണ്ട്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം. അതു കൊണ്ടാണ് കടക്കു പുറത്തെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്ന് എന്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞില്ലെന്ന് ബി.ജെ.പിയു ടെ കെ സുരേന്ദ്രന്‍ ചോദിച്ചത്. താന്‍ ധൈര്യശാലിയാണെന്നാണ് സുരേന്ദ്രനും ധരിക്കുന്നത്. ഈ പേടിയാണ് ബി.ജെ.പിയേയും സി.പി.എമ്മിനേയും പരസ്പരം വെട്ടാനും കൊല്ലാനും പ്രേരിപ്പികുന്നത്. ഇവരുടെ ഭീരുത്വത്തെ അറിയണമെങ്കില്‍ രാജ്യം കണ്ട രണ്ട് യഥാര്‍ഥ ധീരന്മാരെ ഓര്‍ത്താല്‍ മതി. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും. അതിനാല്‍ പിണറായി വിജയനെ ഇനിയും നോവിപ്പിക്കുന്നത് സംസ്ഥാന താല്‍പ്പര്യത്തിന് ആപത്താണ്. സമ്പന്നയെന്നു തോന്നുന്ന ഡോ.രശ്മി പിള്ള ദരിദ്രയും പുറമേ പേടിയില്ലാത്തവനെന്നു തോന്നുന്ന മുഖ്യമന്ത്രി പേടിയുടെ പ്രതീകവുമാകുന്നു .ഭരണാധികാരിയുടെ സ്വസ്ഥത സുചിന്തിതമായ തീരുമാനങ്ങള്‍ക്ക് അനിവാര്യമാണ്. മുഖ്യമന്ത്രി ദയ അര്‍ഹിക്കുന്നു. ദുര്‍ബലരെ ആക്രമിക്കുന്നത് സംസ്‌കാര ശൂന്യമാണ്.