Skip to main content

pinarayi vijayan

 

കീഴ് വഴക്കമായതുകൊണ്ട് ഒരു കാര്യം തുടരണമെന്നില്ല. മാറ്റേണ്ടത് മാറ്റുക തന്നെ വേണം. എന്നാൽ കീഴ് വഴക്കം ക്രിയാത്മകമായി തുടരുകയാണെങ്കിൽ അതു മാറ്റുന്നത് അപകടകരമാണ്. അക്കാര്യത്തിൽ സംശയമില്ല. സർഗ്ഗാത്മകതയോടുള്ള പേടിയും പേടിയിൽ നിന്നു രക്ഷ നേടാനുള്ള ആന്തരിക വ്യഗ്രതയുമായിരിക്കും അത്തരം നടപടികളിലേക്കു നീങ്ങുന്നവരെ നയിക്കുക. ബുധനാഴ്ചകളിൽ മന്ത്രിസഭായോഗം കഴിഞ്ഞാൽ മാദ്ധ്യമപ്രവർത്തകരെ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഒരു കീഴ് വഴക്കമാണ്. ആ കീഴ് വഴക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചിരിക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിലും വാർത്താകുറിപ്പിലൂടെയും അറിയിക്കുമെന്നും അങ്ങനെ സംവിധാനമുള്ളപ്പോൾ എന്തിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണ ചോദ്യം.

 

ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നത് ജനായത്ത സംവിധാനം തന്നെ. മാദ്ധ്യമപ്രവർത്തനത്തിൽ ച്യുതി സംഭവിച്ചിട്ടുണ്ടെന്നുള്ളത് ശരി തന്നെ. ജീവിതത്തിന്റെ മറ്റ് മേഖലകൾ ച്യുതി നേരിടുമ്പോൾ അത് ചൂണ്ടിക്കാട്ടി നേർവഴിക്ക് നയിക്കാൻ ബാധ്യസ്ഥപ്പെട്ട വിഭാഗമാണ് ജനായത്തത്തിലെ നാലാം തൂണെന്നു കരുതപ്പെടുന്ന മാദ്ധ്യമങ്ങൾ. എന്നാൽ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ച്യുതിയിലേക്ക് തള്ളിയിടാൻ പാകത്തിൽ മാദ്ധ്യമങ്ങൾ പലപ്പോഴും ലാഭക്കൊതിയുടെ പ്രേരണയാൽ പ്രവർത്തിക്കുന്നു എന്നുള്ളത് പരമാർഥം തന്നെ. എന്നിരുന്നാലും വർത്തമാനകാലത്തിൽ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യം അപ്രത്യക്ഷമാവുകയാണെങ്കിൽ ഇന്നത്തെ സുതാര്യ ലോകം അജ്ഞാത മേഖലയായി തുടരും. തീരുമാനം അറിയിക്കുന്നതിന് എന്തിനാണ് വാർത്താസമ്മേളനം എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചിത്രത്തിന്റെ ഒരു വശം മാത്രമേ നല്‍കുന്നുള്ളൂ. എന്നാൽ തീരുമാനങ്ങളിലെ യുക്തിയും അതിന്റെ വ്യാപ്തിയുമൊക്കെ പലപ്പോഴും ജനങ്ങൾ അറിഞ്ഞിരുന്നത് വാർത്താസമ്മേളനത്തിലെ സർക്കാരും മാദ്ധ്യമങ്ങളും തമ്മിലുള്ള ഇടപഴകലിലൂടെയായിരുന്നു. പലപ്പോഴും തീരുമാനങ്ങൾ കേട്ട് ജനങ്ങളുടെ ഉള്ളിൽ മുളയ്ക്കുന്ന ചോദ്യങ്ങളാണ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചുകൊണ്ടിരുന്നത്. അത് ജനങ്ങളും അവർ തെരഞ്ഞെടുത്ത സർക്കാരും തമ്മിലുള്ള ജനായത്ത സംവിധാനത്തിലെ അന്തരം ഇല്ലാതാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളുന്നയിക്കുന്ന മാദ്ധ്യമപ്രവർത്തകർ മിക്കപ്പോഴും ജനങ്ങളുടെ ശബ്ദമായി അനുഭവപ്പെടാറുണ്ടായിരുന്നു. അനുചിതവും അപ്രസക്തവുമായ ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതും വിസ്മരിക്കുന്നില്ല.

 

നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഒരു എം.എൽ.എ മുൻകൂട്ടി എഴുതിക്കൊടുത്ത ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ ആ അംഗത്തിന് രണ്ടു ഉപചോദ്യങ്ങളും മറ്റ് അംഗങ്ങൾക്കെല്ലാം വേണമെങ്കിൽ ഉപചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരം ഉണ്ട്. ഇത് ജനായത്തത്തിന്റെ കാതലാണ് കൂട്ടായ ചിന്തയും മറുചിന്തയും ചർച്ചയും. ഒറ്റവാക്കിൽ ഒന്നിച്ചുള്ള ചിന്ത. അത് നിയമസഭ കൂടുമ്പോൾ മാത്രമേ സാധിക്കുകയുള്ളു. മന്ത്രിസഭാ സമ്മേളനം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിലൂടെ ഓരോ വിഷയത്തിന്റെയും ആഴവും പരപ്പും അറിയാൻ ജനത്തിനു അവസരമുണ്ടായിരുന്നു. ന്യൂനതകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അവിടെ വച്ചു തന്നെ മുഖ്യമന്ത്രിക്ക് ഭേദഗതികൾ വരുത്തേണ്ട കാര്യങ്ങൾ മനസ്സിലാക്കാനും പരിശോധിക്കുമെന്ന് ഉറപ്പു നൽകാനും അതനുസരിച്ചു മാറ്റങ്ങൾ വരുത്താനും സാധിക്കും.

 

ഒരുദാഹരണം നോക്കാം. സ്വാശ്രയ മാനേജുമെന്റുകളുമായി സർക്കാർ കരാര്‍ ഒപ്പിട്ടു. സർക്കാർ പുറത്തുവിട്ട അറിവല്ലാതെ മറ്റൊന്നും മാദ്ധ്യമങ്ങൾക്കറിയില്ല. ഒട്ടേറെ വശങ്ങൾ സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയും അജ്ഞതയും നിലനിൽക്കുന്നു. വളരെ പ്രക്ഷുബ്ധതയോടെ തീരുമാനമെടുത്ത് സർക്കാരുമായി ചർച്ചയ്ക്കു പോയ സ്വാശ്രയ കോളേജ് മാനേജ്‌മെന്റാണ് വളരെ നിശബ്ദവും ശീഘ്രവുമായി ഒപ്പിട്ടു മടങ്ങിയത്. എന്തായും പൂർണ്ണമായ നഷ്ടക്കച്ചവടത്തിന് സ്വാശ്രയ മാനേജ്‌മെന്റുകൾ ഒറ്റയിരിപ്പിന് സമ്മതിക്കില്ലെന്ന് തോന്നിയാൽ അത് അതിശയോക്തിയില്ല. എന്നാൽ വിശദാംശങ്ങളിൽ അവ്യക്തതയും ഇരുണ്ട ഇടങ്ങളുമുണ്ടെങ്കിൽ അത് അവർക്കും അവരെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥർക്കും എങ്ങനെ വേണമെങ്കിലും എന്തും നടത്താനുള്ള അവസരമാണ് അതു നൽകുക. ഇത്തരം ഇരുണ്ട മേഖലകളാണ് ഉദ്യോഗസ്ഥരെയും തൽപ്പരകക്ഷികളെയും ഏതുവിധ അഴിമതിയും നടത്താൻ മറയൊരുക്കിക്കൊടുക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരിക്കൽ പോലും മാദ്ധ്യമപ്രവർത്തകരെ കണ്ടിരുന്നില്ല.

 

വിചാരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുക തന്നെ വേണം. എന്നാൽ വിചാരമെന്നത് ജനായത്തത്തിൽ വ്യക്തികേന്ദ്രീകൃതമാകരുത്. അതു കൂട്ടായി നടന്നേ മതിയാവൂ. വിചാരിക്കുന്ന കാര്യം നടപ്പാക്കാനാണെങ്കിൽ മുഖ്യമന്ത്രിയേക്കാളും മന്ത്രിമാരേക്കാളും നിപുണരായ മാനേജ്‌മെന്റ് വിദഗ്ധരുടെ ഒരു സംഘത്തെ ആ സ്ഥാനത്ത് നിയോഗിച്ചാൽ മതിയാകും. എന്നിട്ട് മുന്നണിയുടെ തീരുമാനങ്ങൾ അവർക്ക് കൈമാറുകയും അതു നിരീക്ഷിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്. ജനായത്തത്തിൽ അതല്ല വേണ്ടത്. ഇത് ജനാധിപത്യത്തിന്റെ അനന്തമായ സാധ്യതകളിലൂടെ ഏകാധിപത്യ പ്രവണത കടന്നു വന്ന് ശക്തി പ്രാപിക്കുന്ന സ്ഥിതിയിലേക്ക് പോകുന്ന ഗതിയാണ്. ചിലപ്പോൾ ഏതെങ്കിലും ഒരു ഏകാധിപതി കുറച്ചു നല്ല കാര്യങ്ങൾ ചെയ്‌തെന്നിരിക്കും. എന്നാലും ഏകാധിപത്യം ദുരന്തം തന്നെ ക്ഷണിച്ചു വരുത്തും. സംശയം വേണ്ട. മന്ത്രിസഭായോഗം കഴിഞ്ഞ് വാർത്താ സമ്മേളനം വേണ്ടെന്നു വെക്കാന്‍ ധീരതയുടെ ആവശ്യമില്ല. മറിച്ച് വാർത്താ സമ്മേളനത്തെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തണമെങ്കിൽ ധീരത ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനിൽ ധീരനായ ഒരു നേതാവിനെയാണ് കേരളം ഇതുവരെ കണ്ടത്. മന്ത്രിസഭായോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനം പുന:സ്ഥാപിക്കപ്പെടുമെന്നു കരുതാം.

Tags