Skip to main content

 

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ജയറാം രമേശിന് ശേഷം വന്ന പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ കാലത്ത് ആ മന്ത്രാലയത്തിന്റെ താൽപ്പര്യം പരിസ്ഥിതിയല്ലായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. അവരുടെ സോണിയ ഗാന്ധിക്കുള്ള കത്തും തുടർന്ന് രാജിവെച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനവും അതിനുള്ള കോൺഗ്രസ്സിന്റെ പ്രതികരണവും സംശയലേശമന്യേ വെളിവാക്കുന്ന വസ്തുത അതാണ്. പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിയെ പരിഗണിക്കാതെ അതിന് ദോഷം വരുത്തുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ജയന്തി നടരാജനു ശേഷം രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനു വഴിയൊരുക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി കൊടുത്തു. കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് നിരന്തരമായി നിർദ്ദേശങ്ങൾ പ്രവഹിക്കാറുണ്ടായിരുന്നു എന്നാണ് രാജിവെച്ചുപോകുമ്പോൾ ജയന്തി നടരാജൻ ആരോപിച്ചിരിക്കുന്നത്. കോൺഗ്രസ്സിന്റെ വക്താവു കൂടിയായിരുന്ന ജയന്തി കൊടിയ അഴിമതി നടത്തുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്നാണ് അവരെ മന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചതെന്ന് കോൺഗ്രസ്സ് വക്താവ് അഭിഷേക് സിംങ് സംഘ്വി വെളിപ്പെടുത്തിയിരിക്കുന്നു. അതേസമയം വളരെ നല്ല പ്രവർത്തനമായിരുന്നു തന്റേതെന്ന് രേഖാമൂലം പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ് രേഖാമൂലം രാജി സ്വീകരിച്ചുകൊണ്ട് തന്നെ അറിയിച്ചുവെന്ന് ജയന്തി നടരാജൻ സോണിയ ഗാന്ധിക്കയച്ച കത്തിൽ അവകാശപ്പെട്ടിരിക്കുന്നു.

 

രാജ്യത്തേയും ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം ജയന്തി നടരാജന്റെ കോൺഗ്രസ്സിൽ നിന്നുള്ള രാജി ആ പാർട്ടിയെ എങ്ങിനെ ബാധിക്കുമെന്നോ അതോ അവർ ബി.ജെ.പിയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണോ എന്നുള്ളതൊന്നുമല്ല. വിഷയം രാജ്യത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ആവാസ വ്യവസ്ഥിതിയും അതിനെ ആശ്രയിച്ചുള്ള ജീവനുകളും ജീവിതങ്ങളും നാശം നേരിടുമോ ഇല്ലയോ എന്നുള്ളതാണ്. അവ്വിധം ഉണ്ടാകാതെ വ്യവസായം നടപ്പിലാവുന്നതിനു വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ രൂപീകരണം തന്നെ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി. ആ മന്ത്രാലയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട്  പരിസ്ഥിതി മന്ത്രി, പ്രധാനമന്ത്രി, ഇവർക്കെല്ലാം മുകളിലായിരുന്ന കോൺഗ്രസ്സ്  അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ഉൾപ്പെട്ടിരിക്കുന്നു. ഇവരിൽ നിർണ്ണായകമായിട്ടുള്ളത് പരിസ്ഥിതി മന്ത്രിയും സോണിയ ഗാന്ധിയുമാണ്. ഇവരിൽ ആര് പറയുന്നതാണ് സത്യം എന്നുള്ളതാണ് ജനങ്ങൾ അറിയേണ്ടത്. ജയന്തി പരിസ്ഥിതി മന്ത്രിയായിരുന്നപ്പോൾ ഫയലുകൾ ചെന്നൈയിലാണ് തീർപ്പാക്കിയിരുന്നതെന്നും പരിസ്ഥിതി അനുമതികൾക്ക് പ്രത്യേകം ജയന്തി നികുതിയുണ്ടെന്നും അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര് പറയുന്നതാണ് സത്യം എന്നറിയേണ്ടത്. അത് രാജ്യത്ത് നിലവിലുള്ള സംവിധാനത്തിൽ അസാധ്യമാകുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്. ജയന്തിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഇപ്പോഴത്തെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചിരിക്കുന്നു.

 

ജയന്തി നടരാജൻ കോൺഗ്രസ്സിൽ നിന്ന് രാജിവെയ്ക്കുകയും ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്യുമെന്ന് കേൾക്കുന്ന ഈ അവസരത്തിൽ ജാവദേക്കർ നടത്തുമെന്നു പറയുന്ന അന്വേഷണത്തിൽ രാഹുൽ ഗാന്ധി നടത്തിയതായി പറയുന്ന ആരോപണങ്ങളായിരിക്കുമോ പുറത്തു വരിക. ഭരണഘടനയനുസരിച്ച് ഒരു മന്ത്രി തന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് വേണം പ്രവർത്തിക്കാൻ. അതിനുവേണ്ടി കൂടിയാണ് അത്തരത്തിലും ഒരു പ്രതിജ്ഞ സത്യപ്രതിജ്ഞാ വേളയിൽ എടുക്കുന്നത്. ഈ സാഹചര്യത്തിൽ വേണം പശ്ചിമഘട്ടത്തിന്റെ അവസാന രക്ഷയ്‌ക്കെന്നവണ്ണം ഉതകുമായിരുന്ന ഗാഡ്ഗിൽ റിപ്പോർട്ട് ജയന്തിക്കുശേഷം വന്ന വീരപ്പ മൊയ്‌ലിയുടെ കാലഘട്ടത്തിൽ അട്ടിമറിക്കപ്പെട്ടത് ശ്രദ്ധേയമാകുന്നത്. മാധവ് ഗാഡ്ഗിൽ ആവർത്തിച്ചാവശ്യപ്പെട്ടതുപോലെ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ ചർച്ച ചെയ്യാനോ തയ്യാറാകാതെയാണ് അത് അധികാരത്തിന്റേയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റേയും പേരിൽ തകർക്കപ്പെട്ടത്. പാരിസ്ഥിതികമായി ഒട്ടേറെ സൂക്ഷ്മതലങ്ങൾ ഉൾപ്പെടുന്ന ജൈവ സംവിധാനമാണ് ആതിരപ്പള്ളിയും ചാലക്കുടിപ്പുഴയും. ഇതിന്റെയടിസ്ഥാനത്തിലാണ് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് ഇതുവരെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിഷേധിക്കപ്പെട്ടത്. ഇപ്പോഴത്തെ ബി.ജെ.പി സർക്കാർ ആ പദ്ധതിക്ക് അനുമതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്നറിയുന്നു. കേരളമെന്ന അതിസങ്കീർണ്ണവും അതിസൂക്ഷ്മവുമായ പാരിസ്ഥിതിക പ്രദേശത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് ഈ രണ്ട് നടപടികളും പരിണമിക്കുമെന്നുള്ളത് മനസ്സിലാക്കാൻ വിദഗ്ധരുടെ ശാസ്ത്രപഠനത്തിന്റെ ആവശ്യമില്ല. എല്ലാ വിദഗ്ധ പഠനങ്ങളും അപ്രസക്തമാകുന്ന കാഴ്ച കൂടിയാണ് ഇപ്പോൾ അരങ്ങേറുന്നത്.

Ad Image