Skip to main content

 

ബാറുടമകള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നതിനായി ധനകാര്യ മന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ കോഴ ചോദിച്ചു. അതില്‍ ഒരു കോടി കൊടുത്തു - ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ബാറുടമയും വ്യവസായിയുമായ ഡോ. ബിജു രമേശ് ചാനലിലൂടെ ലോകത്തെ അറിയിക്കുന്നു. അത് അറിയിക്കുന്ന സമയവും നിര്‍ണ്ണായകം. ഇടതുപക്ഷത്തിന്റെ സഹായ-സഹകരണത്തോടെ കെ.എം മാണി മുഖ്യമന്ത്രിയാകാന്‍ പോകുന്നു എന്ന അഭ്യൂഹം അന്തരീക്ഷത്തില്‍ മുറുകിയപ്പോഴാണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടത്. അതിനാല്‍ ആരോപണത്തെ ശക്തിയായി നിഷേധിക്കാനോ പ്രതിരോധിക്കാനോ കഴിയാതെ കെ.എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ ആരോപണത്തില്‍ ഗൂഢാലോചന കണ്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതിന്റെ പിന്നിലെന്ന് പ്രഖ്യാപിക്കപ്പെട്ടു. പാര്‍ട്ടിയിലെ പ്രമുഖര്‍ ആ ദിശയ്ക്ക് ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ മാണി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രംഗം കൊഴുത്തു. ഗൂഢാലോചന കണ്ടുപിടിക്കാന്‍ പാര്‍ട്ടി സ്വന്തമായി അന്വേഷണക്കമ്മീഷനെ വരെ നിയോഗിച്ചു. അപ്പോഴേക്കും ബാറുടമകളുടെ നില മാറി. ഡോ ബിജു രമേശ് ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചു മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയ അരൂരിലെ ബാറുടമ മനോഹരന്‍ പറഞ്ഞു, താന്‍ മദ്യലഹരിയില്‍ ഓര്‍മ്മയില്ലാതെ പറഞ്ഞതാണെന്ന്. മാണിയുടെ ബന്ധുക്കളുമായി കൂട്ടുകച്ചവടം ഉള്ളയാളാണ് മനോഹരനെന്നും അദ്ദേഹം ഭീഷണിക്കു വഴങ്ങിയാണ് അവ്വിധം പറഞ്ഞതെന്നും ഡോ ബിജു രമേശ് പ്രതികരിച്ചു. ബാറുടമകള്‍ പശയിട്ട് വടിപോലെയാക്കിയ മുണ്ടും ഉടുപ്പും ധരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് പോകുന്നതും അവരുടെ യോഗസ്ഥലത്തിനു വെളിയിലും പരിസരത്തും അവര്‍ ഉലാത്തുന്നതുമെല്ലാം ഈ വാര്‍ത്തകളുടെ പശ്ചാത്തലമായി വന്നുകൊണ്ടിരുന്നു. സരിതയുടെ മദിരാക്ഷീപര്‍വ്വത്തില്‍ നിന്നു പൂര്‍ണ്ണമായും മാദ്ധ്യമങ്ങള്‍ ലഹരിമുക്തമാകുന്നതിനു മുന്‍പാണ് മദ്യപര്‍വ്വ മാദ്ധ്യമലഹരിക്ക് ആരംഭം കുറിച്ചത്. മദിരാക്ഷിയില്‍ കേരളഭരണം ഒരു വര്‍ഷം സ്തംഭിച്ചിട്ടും മന്ത്രിസഭ ഒന്നടങ്കം സുനാമിയില്‍ കുലുങ്ങുന്നതുപോലെ കുലുങ്ങിയിട്ടും വീഴാത്ത മന്ത്രിസഭ വെറും മദ്യത്തില്‍ തട്ടി ഒരു മന്ത്രിയുടെ കുലുക്കത്തില്‍ വീഴില്ല എന്നുള്ളത് തരിച്ചറിയാന്‍ സാധാരണ മലയാളിക്ക് ശിശുബോധം തന്നെ ധാരാളം. എന്നിട്ടും ജനം ആര്‍ത്തിയോടെ മാദ്ധ്യമസേവ നടത്തി സ്വയം ലഹരിയിലാണ്ടു.

 

എന്തിലെങ്കിലും പൂര്‍ണ്ണമായി നിമജ്ജമായി സാമാന്യബോധത്തിന്റെ തലത്തില്‍ നിന്നുണ്ടാവുന്ന മാറ്റത്തിനാണ് ലഹരി എന്നു പറയുന്നത്. ഇത് രണ്ട് ദിശയിലേക്ക് സംഭവിക്കും. അറിവിന്റെ ഉത്തുംഗത്തിലെത്തുമ്പോഴുണ്ടാകുന്ന ലഹരിയും ബോധനഷ്ടത്തിന്റെ അഗാധ ഗര്‍ത്തത്തിലെത്തുന്ന അവസ്ഥയും. ഈ രണ്ടു ദിശയിലേക്കായിരിക്കും ലഹരി എപ്പോഴും മനുഷ്യനെ മാടിവിളിക്കുകയും നയിക്കുകയും ചെയ്യുക. കേരളത്തില്‍ നിലനില്‍ക്കുന്ന മാദ്ധ്യമ ലഹരി ഏതു ദിശയിലേക്ക് മലയാളിയെ കൊണ്ടുപോകുന്നു എന്നുള്ളത് നിശ്ചയിക്കേണ്ടത് ഇത് വായിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വത്തിലേക്ക് വിട്ടുകൊടുക്കുന്നു. വ്യഭിചാരം, മദ്യ-മയക്കുമരുന്നുപയോഗം എന്നിവയൊക്കെ പൂര്‍ണ്ണമായി അപ്രത്യക്ഷമാകുന്ന സമൂഹം ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റില്ല. കാരണം അപ്പോള്‍ സംഭവിക്കുന്നത് അസന്തുലിതാവസ്ഥയാണ്. അസന്തുലിതാവസ്ഥ വിനാശകരമാണ്. രോഗങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുന്ന അവസ്ഥ വരുന്നതുപോലെയാണത്. രോഗങ്ങള്‍ ഉള്ളതുകൊണ്ടാണ് വൈദ്യശാസ്ത്രം അതേതു ശാഖയായാലും ഉടലെടുത്തതും അതു വികസിച്ചുകൊണ്ടിരിക്കുന്നതും. രോഗത്തെ നേരിടാനും രോഗം വരാതിരിക്കാനുമുള്ള യത്നത്തിലായിരിക്കണം വൈദ്യശാസ്ത്രത്തിന്റെ വികാസപരിണാമങ്ങള്‍ ഉണ്ടാവേണ്ടത്. അതുകൊണ്ട് സരിതയും മദ്യവില്‍പ്പനക്കാരുടെ സാന്നിദ്ധ്യവും അവര്‍ നീങ്ങുന്ന വഴിയുമൊക്കെ സ്വാഭാവികമാണ്. അങ്ങനെയുള്ള ശക്തികള്‍ മാദ്ധ്യമങ്ങളെ തങ്ങളുടെ പ്രവര്‍ത്തനമേഖലയുടെ സാദ്ധ്യതകള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. അത് അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതാണ് സരിതയിലൂടെയും മദ്യക്കോഴ പ്രശ്നത്തിലൂടെയുമൊക്കെ കാണുന്നത്. അതിനുപരി സംസ്ഥാനത്തെ രാഷ്ട്രീയവും മാദ്ധ്യമത്തെ ഇതുമെല്ലാമായി ബന്ധിപ്പിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മാദ്ധ്യമങ്ങള്‍ സരിതയ്ക്കും മദ്യമേഖലാ താല്‍പ്പര്യത്തിനും ഉപജാപക താല്‍പ്പര്യത്തിനും പാകമായ വിധം നിലകൊള്ളുന്നു. ഇതൊക്കെ വാര്‍ത്തയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ആ അടിച്ചേല്‍പ്പിക്കലാകട്ടെ ജനങ്ങളുടെ വിചാര-വൈകാരിക തലങ്ങളെ അവരറിയാതെ സ്വാധീനിച്ചുകൊണ്ടാണ്. ആ മാദ്ധ്യമലഹരി ഇപ്പോള്‍ ദിവസവും കൃത്യസമയങ്ങളില്‍ പ്രത്യേകിച്ചും വൈകുന്നേരങ്ങളിലും രാത്രിയിലും മലയാളിക്ക് അനിവാര്യമായിരിക്കുന്നു. ഈ മാദ്ധ്യമലഹരി സൃഷ്ടിക്കുന്ന അബോധാവസ്ഥ മലയാളിക്ക് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയുമുണ്ട്.

 

അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ സാഹസികത കാണിക്കുന്ന മാദ്ധ്യമങ്ങള്‍ വിശേഷിച്ചും ചാനലുകള്‍  ഈ ആരോപണങ്ങളെ അവരും ഇവരും പറയുന്നത് കാണിക്കുന്നു. പിന്നീട് അതെല്ലാം കൂട്ടിയിണക്കി വാചാടോപങ്ങളോടെ പ്രത്യേക പരിപാടിയെന്ന വിധം ചില സിനിമാദൃശ്യങ്ങളും ചേര്‍ത്ത് മസാലയായി മാര്‍ക്കറ്റ് ചെയ്യുന്നു. സരിതാ വിഷയത്തിനുശേഷം കേരളഭരണത്തെ എല്ലാ അര്‍ഥത്തിലും മരവിപ്പിച്ചുകൊണ്ടിരിക്കുന്ന ബാര്‍ വിഷയത്തിലെ യഥാര്‍ഥ വാര്‍ത്ത എന്താണെന്നുള്ളത് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. അതൊന്നും തന്നെ അന്വേഷിക്കപ്പെടുന്നതുമില്ല, വാര്‍ത്തയുമാകുന്നില്ല.  ആ വാര്‍ത്തയുടെ അഭാവമാണ് ആരോപണം ഉന്നയിക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരുമെല്ലാം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ലാഭമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്. ഒടുവില്‍ മാദ്ധ്യമങ്ങളുടെ മത്സരമെന്നും മര്യാദയില്ലാത്ത മാദ്ധ്യമപ്രവര്‍ത്തനമെന്നും ആക്ഷേപിച്ച് അവശേഷിക്കുന്ന വിശ്വാസ്യതയും കൂടി ഇല്ലായ്മ ചെയ്യുന്നു. അതുവഴി അവ്യക്തമായ ഒരു ഒളിഞ്ഞുനോട്ടഹരം ജനങ്ങള്‍ക്ക് നല്‍കി അടുത്ത അതേപോലുള്ള ഹരമുള്ള ഒന്നിലേക്ക് മാദ്ധ്യമങ്ങള്‍ നീങ്ങി ജനങ്ങളെ ലഹരിയിലാക്കുന്നു. ലഹരിയില്‍ നിന്നു മുക്തമാകേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഓരോ പ്രേക്ഷകന്റേയും ചുമതലയാണ് സ്വയം ഈ ലഹരിക്ക് അടിപ്പെടണോ വേണ്ടയോ എന്നുള്ളത്.

Tags