Skip to main content

arun jaitley presents budget 2014

 

റെയിൽവേ ബജറ്റിന്റെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയ കാഴ്ചപ്പാടിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യാഴാഴ്ച പാർലമെന്റിലവതരിപ്പിച്ച രണ്ടാം എൻ.ഡി.എ സർക്കാരിന്റെ കന്നിബജറ്റ്. അടിസ്ഥാനസൗകര്യ വികസനം, വിദേശ മൂലധന നിക്ഷേപം ഗ്രാമീണ കാർഷിക മേഖലയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റിൽ ഇടത്തരക്കാരെയും പരിഗണിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിക്കപ്പെട്ടതുപോലെ വമ്പൻ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. പൊതുവേ മിതത്വവും സാമ്പത്തിക അച്ചടക്കവും പാലിക്കാനുള്ള ശ്രമങ്ങൾക്കും ഈ ബജറ്റ് സൂചന നൽകുന്നു. ചെലവ് നടത്തിപ്പ് കമ്മീഷനെ നിയമിക്കാനും ഈ സാമ്പത്തിക വർഷത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനം ആ വഴിക്കുള്ള നിശ്ചയത്തെ വ്യക്തമാക്കുന്നു. അടിസ്ഥാനസൗകര്യവികസനത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് റോഡ് വികസനത്തിനാണ്. 37,500 കോടി രൂപയാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. വളരെ ചെറുതെന്നു തോന്നിക്കുന്നതും അതേസമയം നിർണ്ണായകവുമായ നടപടികളിലൂടെ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ബജറ്റിൽ വ്യക്തമാണ്.

 

മോദിസർക്കാരിന്റെ യാത്രയുടെ ദിശ നൽകുന്നതോടൊപ്പം ബജറ്റിൽ വേണ്ടവിധം പരാമർശിക്കപ്പെടാതെ പോയ മേഖലകളുമുണ്ട്. ബജറ്റിനെ ദിശാപ്രഖ്യാപനത്തിന് മാത്രമായി ഉപയോഗിച്ചുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങൾ ഭരണത്തിന്റെ ഭാഗമായി എടുക്കാനുള്ള സമീപനവും ഉണ്ടെന്നുള്ളത് അത് വ്യക്തമാക്കുന്നു. ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്. ഒരുപക്ഷേ ഈ രംഗത്ത് മുഖ്യമായ പങ്ക് സ്വകാര്യമേഖലയില്‍ വിഭാവനം ചെയ്യുന്നതുകൊണ്ടാകാം ആ ഭാഗത്തേക്കുറിച്ച് ബജറ്റിൽ വിശദാംശങ്ങളിലേക്ക് പോകാതിരുന്നത്. ദിശാപ്രഖ്യാപനത്തിന് ബജറ്റും നടപടികൾ ഭരണഭാഗമാക്കാനുമുള്ള മോദിയുടെ ഭരണശൈലിയുടെ ഭാഗമായും ഈ ബജറ്റിനെ കാണാവുന്നതാണ്. വരും നാളുകളിൽ അപ്രതീക്ഷിതമായ പല നടപടികളിലൂടെയും ഉണ്ടാകാൻ പോകുന്ന കോളിളക്കങ്ങളുടെ നിശബ്ദതയും ഈ ബജറ്റിൽ കാണാവുന്നതാണ്.