Skip to main content

the hinduമാധ്യമലോകം മൊത്തമായി ദിശയില്ലാതെ വിളറിപിടിച്ച് നീങ്ങിക്കൊണ്ടിരുന്നപ്പോഴും ഇന്ത്യയില്‍ അല്‍പ്പം ആശ്വാസത്തിനു വകയായിരുന്നു ഹിന്ദു ദിനപ്പത്രം. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ തെക്കേ ഇന്ത്യയിലേക്കുള്ള കടന്നുവരവോടെ ഹിന്ദുവിനും ആശയക്കുഴപ്പം നേരിട്ടു. അവര്‍ മാറ്റത്തിന് തയ്യാറായി. മാറ്റം അനിവാര്യം തന്നെ. മാറ്റത്തില്‍ എന്താണ് മാറേണ്ടത് എന്ന ധാരണയില്ലെങ്കില്‍ ആ മാറ്റം ഗുണം ചെയ്യില്ലെന്നു മാത്രമല്ല വിനാശത്തെ വിളിച്ചുവരുത്തും. അതുപോലെ മാറാതെ നിലകൊള്ളേണ്ടതിന്റെ ഉറച്ച പശ്ചാത്തലത്തില്‍ മാത്രമേ മാറ്റവും സാധ്യമാകൂ. ചുരുങ്ങിയ കാലയളവുകൊണ്ട് ഹിന്ദു ഉള്ളടക്ക നിര്‍ണ്ണയത്തിലും അവതരണത്തിലും ടൈംസ് ഓഫ് ഇന്ത്യയുടെ നിലവാരത്തിലേക്ക് താഴുന്ന കാഴ്ചയാണ് കണ്ടത്. എന്തായാലും മാനേജ്‌മെന്റ് അതിനൊരു അറുതി വരുത്തി. സിദ്ധാര്‍ഥ് വരദരാജനെ എഡിറ്റര്‍ സ്ഥാനത്തുനിന്നും അരുണ്‍ ആനന്ദിനെ കസ്തൂരി ആന്‍ഡ് സണ്‍സ് ലിമിറ്റഡി (ഹിന്ദുവിന്റെ പ്രസാധകര്‍)ന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്നും നീക്കി  തലപ്പത്ത് വന്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഏതാണ്ട് പഴയ സ്ഥിതിയിലേക്കൊരു തിരിച്ചുപോക്ക്.

 

ഒരു വ്യക്തിയുടെ നോട്ടത്തില്‍ ആ വ്യക്തിയുടെ വ്യക്തിത്വം വെളിവാകും എന്നു പറയുമ്പോലെയാണ് മാധ്യമത്തിന്റെയും കാര്യം. തന്റെ ഒപ്പമുള്ളവന്റെ പോരായ്മയെ ഉയര്‍ത്തിക്കാട്ടി  മത്സരിച്ച് മേനികാണിക്കാന്‍ ശ്രമിക്കുന്ന വ്യക്തി  തീരെ നിലവാരം കുറഞ്ഞവന്‍/വള്‍ തന്നെ. സ്വന്തം ഗുണം പ്രസരണയോഗ്യമായി ഇല്ല എന്ന അരക്ഷിതത്വബോധം സൃഷ്ടിക്കുന്ന സ്വഭാവവൈകല്യത്തില്‍ നിന്നാണ് അത്തരം സമീപനം ഉടലെടുക്കുന്നത്. ഹിന്ദു  ഒരു വര്‍ഷം മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ  അത്തരം പരസ്യം വ്യാപകമായി തുടങ്ങിയപ്പോള്‍ ഹിന്ദു വായനക്കാര്‍ അതിശയിച്ചുപോയി. ഹിന്ദു കുടുംബത്തിന്റെ പുറത്തുനിന്ന് സിദ്ധാര്‍ഥ് വരദരാജനെ എഡിറ്ററായും കൊണ്ടുവന്നു.  ടൈംസ് ഓഫ് ഇന്ത്യ പ്രചരിപ്പിക്കുന്ന പത്രവ്യവസായ ബിസിനസ്സ് മാതൃക അതോടെ ഹിന്ദുവില്‍ നടപ്പിലാവുകയായിരുന്നു. കൂക്കുവിളി-നിലവിളി ജേര്‍ണലിസത്തിന്റെ വൈവിധ്യമുഖങ്ങള്‍. ഒരു സഹപ്രസിദ്ധീകരണത്തെ ശത്രുവായി കാണുന്ന, അതിന്റെ പരാജയമാണ് തങ്ങളുടെ വിജയം എന്നു വിശ്വസിക്കുന്ന മാധ്യമത്തിന് എന്തു എഡിറ്റോറിയല്‍ ഗുണനിലവാരം അവകാശപ്പെടാനാകും - ആ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കാന്‍ എന്തിന് ഒരു പത്രാധിപര്‍. കാന്റീന്‍ മാനേജര്‍ പോലും പത്രാധിപസ്ഥാനത്ത് ആവശ്യമില്ല. ബഹുത്വത്തെ ഉള്‍ക്കൊള്ളുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമെന്ന് ജനാധിപത്യത്തിലെ എല്ലാ ശക്തികളും വിസ്മരിച്ചാലും അങ്ങിനെയാകാന്‍ പാടില്ലാത്തതാണ് മാധ്യമങ്ങള്‍. ഹിന്ദുവില്‍ ജനങ്ങള്‍ക്ക് അവശേഷിച്ചിരുന്ന അല്‍പ്പപ്രതീക്ഷയും അതായിരുന്നു. അത് വിസ്മരിച്ചുകൊണ്ട് സമ്മതികൂട്ടി പ്രചാരം വര്‍ധിപ്പിക്കാന്‍ തങ്ങളാണ് ശരി (self righteousness)   എന്ന സ്വഭാവ വൈകല്യം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും പരസ്യങ്ങളിലൂടെ ഹിന്ദു മുതിരുകയുണ്ടായി. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവിനെ താറടിക്കുന്ന പരസ്യവുമായി രംഗത്തെത്തി. ഇന്ത്യന്‍ മാധ്യമരംഗം കണ്ട ഏററവും നിലവാരം കുറഞ്ഞ അനാരോഗ്യകരമായ ഒരു എപ്പിസോഡായി അതു കലാശിച്ചു.

 

siddharth varadarajanഎഡിറ്റോറിയല്‍ മേഖലയില്‍ ഹിന്ദു വന്‍പരീക്ഷണങ്ങള്‍ക്ക് മുതിരാറില്ല. സാങ്കേതികമായി ഏറ്റവും നൂതനമായ സങ്കേതങ്ങള്‍ സ്വീകരിക്കാന്‍ അതേസമയം മുന്‍പന്തിയിലുണ്ടെങ്കിലും. ഇത് മാറാനുള്ള വൈമുഖ്യമായി  ഹിന്ദുവിനെതിരെ ആരോപിക്കപ്പെടാറുണ്ടായിരുന്നു. വിമര്‍ശനങ്ങളേയും അഭിപ്രായങ്ങളേയും വിലമതിക്കുന്നു എന്നുള്ളത് ഹിന്ദു മാനേജ്‌മെന്റിന്റെ സവിശേഷമായ ഗുണം തന്നെയാണ്. ആ നിലയ്ക്കാവണം എഡിറ്റോറിയലിലും ബിസിനസ്സ് രംഗത്തും ഹിന്ദു മാറ്റത്തിന് തയ്യാറായത്. ആ പരീക്ഷണം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്തു എന്നുവന്നപ്പോള്‍ മാനേജ്‌മെന്റ് ആ പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതും വായനക്കാരോടുള്ള ഹിന്ദുവിന്റെ ബഹുമാനമായി കാണാവുന്നതാണ്. മാറാന്‍ പാടില്ലാത്തത് മാറുന്നതു കണ്ടപ്പോഴാകണം ഹിന്ദു ഇപ്പോഴത്തെ മാറ്റത്തിന് തയ്യാറായത്. ആ മാറാന്‍ പാടില്ലാത്തതാണ് ഹിന്ദുവിന്റെ യുണീക് സെല്ലിംഗ് പ്രോപ്പൊസിഷന്‍ (യു.എസ്.പി) എന്നുപോലും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍  എഡിറ്ററായി വന്ന സിദ്ധാര്‍ഥ് വരദരാജനും സി.ഇ.ഒ അരുണ്‍ ആനന്ദിനും കഴിഞ്ഞില്ല. ബിസിനസ്സ് നടത്തിപ്പ് എന്ന നിലയിലും അത് അവരുടെ പരാജയമാണ്. തങ്ങളുടെ  പത്രത്തിന്റെ മൂല്യങ്ങളെ പൂര്‍ണ്ണമായും ബലികഴിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറല്ല എന്ന അറിയിപ്പോടെയാണ് ഒടുവിലത്തെ മാറ്റം വരുത്തിയിരിക്കുന്നുവെന്നത് വലിയ ആശ്വാസമാണ്.

 

ഹിന്ദുവിന്റെ ഇപ്പോഴത്തെ തീരുമാനം ആ സ്ഥാപനത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാമുളള ഒരു വെല്ലുവിളിയാണ്. അവരുടെ വര്‍ത്തമാന മാധ്യമസംസ്‌കാരത്തില്‍ നിന്നും ബോധപൂര്‍വ്വം അകന്നുനിന്നുകൊണ്ട് സഞ്ചരിക്കാനുള്ള ഹിന്ദുവിന്റെ തീരുമാനം. മാറാത്ത മൂല്യങ്ങളുടെ ഉറച്ച തറയില്‍ മാറ്റത്തിന്റെ പുതിയ രൂപങ്ങളുമായി ഹിന്ദു എങ്ങിനെ മുന്നേറുമെന്നത് വരുംദിനങ്ങളില്‍ കാണാം. ജനാധിപത്യത്തിന്റെയും മറ്റുള്ളവന്റെയും പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് കൂകിയും നിലവിളിച്ചും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് പ്രചാരവും വരുമാനവും കൂട്ടാനുള്ള മാധ്യമലോകവെപ്രാളത്തിനിടയ്ക്ക് ഹിന്ദുവിന്റെ  സാന്നിദ്ധ്യം ഒറ്റപ്പെട്ടതാണെങ്കിലും അത്  ശ്രദ്ധേയമായിരിക്കും.

Tags