Skip to main content

arogyakiranam

രാഷ്ട്രീയ ബാൽ സ്വസ്ത്യ കാര്യക്രം/ആരോഗ്യകിരണം,  മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾവരെയുള്ള ചികിത്സാ കേന്ദ്രങ്ങളിൽ എല്ലാ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി. സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ ഈ രണ്ട് പദ്ധതികള്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ നടപ്പില്‍ വരും. ഇതിൽ മുഖ്യ പദ്ധതിയായി ഉയർത്തിക്കാട്ടിയിട്ടുള്ളത് കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ബാൽ സ്വസ്ത്യ കാര്യക്രമത്തോട് സംയോജിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യകിരണം ആണ്. സംസ്ഥാനത്തെ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ അർബുദം, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ എല്ലാ രോഗങ്ങൾക്കും സൗജന്യചികിത്സയാണ് ആരോഗ്യകിരണത്തിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സ ആവശ്യമുള്ളവർക്ക് അതെത്തിച്ചുകൊടുക്കുന്നത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. അതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നതും അങ്ങേയറ്റം നല്ലതു തന്നെ. ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതിൽ നിന്ന് മനസ്സിലാകുന്ന കാര്യം പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികളിൽ മാരകരോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നു എന്നതാണ്.

 

ഇന്ത്യയിലെ 121 കോടി ജനങ്ങളിൽ എഴുപത്തിനാലു ശതമാനം  യുവാക്കളാണ്. 38.8 ശതമാനം 18 വയസ്സിൽ താഴെയുള്ളവർ. ദേശീയ ശരാശരി അതാണെങ്കിൽ കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. മൂന്ന് കോടി മുപ്പത്തിനാലു ലക്ഷം ജനങ്ങളിൽ 47 ശതമാനം മാത്രമാണ് യുവാക്കളായുള്ളത്. അതും നാൽപ്പതു വയസ്സിനു താഴെയുള്ളവർ. ഈ വിഭാഗമാണ് ഏറ്റവും ആരോഗ്യത്തോടെ ഉണ്ടാവേണ്ടവർ. അവരുടെ  ആരോഗ്യപൂർവ്വമായ സാന്നിദ്ധ്യം വരും വർഷങ്ങളിൽ വൻകുതിപ്പിന് സജ്ജമാക്കുമെന്നും കരുതപ്പെടുന്നു. ആരോഗ്യം എന്നത് പ്രാഥമികമായി മാനസികാരോഗ്യമാണ്. അത് സൃഷ്ടിക്കപ്പെടുക  ജീവിതത്തിന്റെ സമഗ്രമായ ഗുണമേന്മയുടെ അടിസ്ഥാനത്തിലാണ്. ചികിത്സയിലൂടെ രോഗത്തിൽ നിന്ന് കരകയറാൻ സാധിക്കും. രോഗാവസ്ഥയിൽ നിന്ന് ആരോഗ്യാവസ്ഥയിലേക്കുള്ള മാറ്റമാണതെന്ന് സാങ്കേതികമായി പറയാം. എങ്കിലും ചികിത്സയിലൂടെ ലഭ്യമാകുന്നത് ആശ്വാസമാണ്.

 

ആശ്വാസ പദ്ധതികൾ തുടരുമ്പോൾ തന്നെ യുവാക്കളുടെ ആരോഗ്യത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പദ്ധതികൾക്ക്  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര പ്രാധാന്യം നൽകേണ്ടതാണ്. അല്ലെങ്കിൽ യുവാക്കളുടെ സാന്നിദ്ധ്യം വർധിക്കുന്നതിനനുസരിച്ച് രോഗഗ്രസ്ഥമായ യൗവനത്തിന്റെയും തോത് വർധിക്കും. ആ നീക്കത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടത് കാഴ്ചപ്പാടുകളിലുള്ള മാറ്റമാണ്. ആ മാറ്റങ്ങൾ വരുന്നത് പദ്ധതികളുടെ വിഭാവനത്തിലും പേരിടീലിലുമൊക്കെയാണ്. മാനസികവും കായികവുമായ ആരോഗ്യസൃഷ്ടിയിലേക്കു നയിക്കുന്ന ഒരു പദ്ധതിക്കുപോലും യുവാക്കളോ യുവസംഘടനകളോ രാഷ്ട്രീയപാർട്ടികളോ ആവശ്യംപോലുമുന്നയിക്കുന്നില്ല. എന്നാൽ ആരോഗ്യസങ്കൽപ്പത്തിൽ മെഡിക്കൽ കോളേജുകൾക്കുവേണ്ടിയുള്ള ആവശ്യവും  പ്രവർത്തനവും സജീവമാണ്. ഇതുതന്നെ  അനാരോഗ്യകരമായ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്.

 

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം യുവാക്കളുടെ രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. അതിന്റെ പ്രാഥമിക തിരിച്ചറിവെന്ന നിലയിൽ സോണിയാഗാന്ധിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയുടെ പേര് ആരോഗ്യകിരണം എന്നതിനു പകരം ആശ്വാസകിരണം എന്നാക്കുകയാണ് വേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ-കായിക കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും. അതിലൂടെ യുവാക്കളുടെ കൂട്ടായ്മ വർധിക്കുകയും വിധ്വംസക പ്രവർത്തനങ്ങളിലേക്ക് തിരിയാൻ വാസനയുള്ളവരുടെ ഊർജ്ജത്തെ സർഗ്ഗാത്മകമാക്കി പരിവർത്തനം ചെയ്യുന്നതിന് സഹായകമാവുകയുമൊക്കെ  ചെയ്യും. അത്തരം സമീപനങ്ങളിലേക്ക് തിരിഞ്ഞില്ലെങ്കിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് വിദഗ്ധപരിശീലനം സിദ്ധിച്ച പോലീസിനെ  വിന്യസിച്ചും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയുമൊക്കെ ഭാവിയെ നേരിടേണ്ടിവരും. അത്യാധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി യുവാക്കളുടെ രോഗശാന്തിക്കു ശ്രമിച്ച് ആരോഗ്യപ്രവർത്തനങ്ങൾ നടത്തുന്നതുപോലെ അവയൊക്കെ ഭാവിയിലെ സമാധാനസ്ഥാപനത്തിനുള്ള മാർഗ്ഗമായി കാണപ്പെടുന്ന സ്ഥിതി സംജാതമാകും. കേരളത്തിലെ യുവാക്കളുടെ ശതമാനം ദേശീയ ശരാശരിയുടെ ഏതാണ്ട് പകുതിയോളം മാത്രമായുള്ള സ്ഥിതിക്ക് യൗവനത്തിന്റെ യുവത്വം നിലനിർത്താനും ആരോഗ്യമുള്ളതാക്കാനും അടിയന്തരശ്രദ്ധ അനിവാര്യമാണ്. അല്ലെങ്കിൽ ക്ഷീണിതമായ ന്യൂനപക്ഷയുവജനതയുടേയും വാർധക്യം ബാധിച്ച ഭൂരിപക്ഷത്തിന്റേയും നാടായി കേരളം അധികം താമസിയാതെ മാറും.