Skip to main content

cpm prakash karat

ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.എന്നിരുന്നാലും സോഷ്യലിസം നടപ്പാക്കുകയെന്നത് ഒരു വിപ്ലവ പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
    തൃശൂരില്‍ ഇ.എം.എസ് സ്മൃതിയോടനുബന്ധിച്ച് 'സോഷ്യലിസത്തിലേക്കുള്ള പാത ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
        ഒരു വിപ്ലവ പാര്‍ട്ടിയുടെ ബാധ്യത എന്ന നിലയിലാണ് സോഷ്യലിസം എന്ന സ്വപ്നത്തെ ഉപേക്ഷിക്കാതിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. മൂര്‍ത്തമായ കാര്യങ്ങളെ മൂര്‍ത്തമായ രീതിയില്‍ വിശകലനം ചെയ്യുക എന്നതാണ് മാര്‍ക്‌സിസം ആവശ്യപ്പെടുന്നത്. അങ്ങിനെയെങ്കില്‍ വിപ്ലവ പാര്‍ട്ടിയായ സി.പി.എം യാഥാര്‍ഥ്യബോധത്തോടെ അംഗീകരിക്കുകയാണ് വേണ്ടത്, ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയുകയില്ലെന്ന് . ആ യാഥാര്‍ഥ്യത്തെ അംഗീകരിക്കാതിരിക്കുമ്പോള്‍ തന്നെ പ്രാഥമികമായി മാര്‍ക്‌സിസം തന്നെ പരാജയപ്പെടുകയാണ്. പാര്‍ട്ടി നേതൃത്വത്തിനു ഉറപ്പില്ലാത്ത കാര്യം എങ്ങനെ സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന സാമാന്യ യുക്തി പോലും ഉയര്‍ന്നു വരുന്നു. ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.
            സോഷ്യലിസം നടപ്പാക്കാന്‍ ഇന്ത്യയില്‍ തടസ്സമായി കാരാട്ട് കാണുന്നത് രാജ്യത്തിന്റെ വൈവിദ്ധ്യവും ജാതി വൈരുദ്ധ്യവുമൊക്കെയാണെന്നാണ്. സോഷ്യലിസം എപ്പോഴും പ്രസക്തമാകുന്നത് അതിന്റെ അഭാവത്തില്‍ നിലകൊള്ളുന്ന സാമൂഹ്യ യാഥാര്‍ഥ്യം തന്നെയായിരിക്കും. സോഷ്യലിസത്തിലേക്കുള്ള പാത എന്നതു തന്നെ അതിനു തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളാണ്. അവയെ മാറ്റുന്ന പ്രക്രിയയാണ് വിപ്ലവം. അതു ലക്ഷ്യമാകുന്ന പാര്‍ട്ടി വിപ്ലവ പാര്‍ട്ടിയാവുകയും ചെയ്യുന്നു. അത്തരത്തിലൊരു വിപ്ലവ പാര്‍ട്ടിയുടെ നേതൃ നിരയിലേക്ക് പ്രകാശ് കാരാട്ട് എത്തിയതു തന്നെ സി.പി.എമ്മിന്റെ ദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ബലത്തിലല്ല കാരാട്ട് നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ പാര്‍ട്ടിക്കു സംഭവിക്കുന്നതും അതുകൊണ്ടാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്കയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ പിന്നിലും കാരാട്ടു തന്നെയാണ്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു കൂറ്റന്‍ ചരിത്രപരമായ വിഡ്ഢിത്തമായി ആ നടപടിയും പരിണമിക്കും.
            പാര്‍ലമെണ്ടിലെ സി.പി.എമ്മിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ പേരിനു മാത്രമേ ഉള്ളുവെന്നു പറയുന്നതാണ് ഉചിതം. കോണ്‍ഗ്രസ്സള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥ ചരിത്രത്തിലെ ഏറ്റവും ദയനീയമായത്. ഈ സാഹചര്യത്തില്‍ പാര്‍ലമെണ്ടില്‍ കേള്‍ക്കപ്പെടുന്ന കാതലുള്ള ശബ്ദമാണ് യെച്ചൂരിയുടെ അഭാവത്തിലുടെ നഷ്ടമാകുന്നത്.
        യാഥാര്‍ഥ്യബോധത്തിനു നിരക്കാത്തതും അമൂര്‍ത്തവുമായ ആശയങ്ങളാണ് പ്രകാശ് കാരാട്ടിന്റേത്. ബി.ജെ.പിയെ എതിര്‍ക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതിപക്ഷ ഐക്യത്തിന് തടസ്സമുണ്ടാക്കുന്നതില്‍ മുഖ്യ കാരണങ്ങളിലൊന്ന് പ്രകാശ് കാരാട്ടിന് പ്രാമുഖ്യമുള്ള സി.പി.എം നിലപാടാണ്. കോണ്‍ഗ്രസുമായി കൂട്ടുകൂടാതെ അഖിലേന്ത്യാതലത്തില്‍ ചെറിയൊരു കൂട്ടായ്മ പോലും സാധ്യമാകില്ല. പരാജയമായിരുന്നു ഫലമെങ്കിലും യെച്ചൂരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ അതു പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആ പരീക്ഷണത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. പരീക്ഷണം പരാജയമായതിന്റെ പേരില്‍ പിന്നീട് യച്ചൂരിയുടെ ശബ്ദത്തിന് വിലയില്ലാതാവുകയും ചെയ്തു.
         ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് പ്രതിപക്ഷ ഐക്യം ഉണ്ടാക്കണമെന്നാണ് സി.പി.ഐയുടേയും തീരുമാനം. എന്നാല്‍ അതിനും തടസ്സമാകുന്നത് പ്രകാശ് കാരാട്ടിന് പ്രാമുഖ്യമുള്ള സി.പി.എം നേതൃത്വമാണ്. അനുകുല സാഹചര്യങ്ങളെപ്പോലും സോഷ്യലിസം നടപ്പില്‍ വരുത്തുന്നതിനനുസൃതമാക്കാന്‍ പറ്റുന്നില്ലെന്നും കാരാട്ട് പരിഭവപ്പെടുന്നു.
         ഇന്ത്യയുടെ വൈവിദ്ധ്യങ്ങളേയും ജാതീയമായ വൈരുദ്ധ്യങ്ങളേയും ഏതവിധമാണ് മനസ്സിലാക്കേണ്ടതെന്നൊന്നും കാരാട്ടിന് നിര്‍ദ്ദേശിക്കാനും കഴിയുന്നില്ല. സോഷ്യലിസം നടപ്പാവില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുമുണ്ട്. എന്നാല്‍ താല്‍ക്കാലികമായി ചില പ്രായോഗികതകളെങ്കിലും അദ്ദേഹം അംഗീകരിക്കേണ്ടതല്ലേ. അതിനും കാരാട്ടിനു കഴിയുന്നില്ല. എന്തിനു വേണ്ടിയായിരുന്നു യു.പി.എ സര്‍ക്കാരിനു നല്‍കി വന്നിരുന്ന പിന്തുണ പിന്‍വലിച്ചതെന്ന് ഇന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ക്കു പോലും പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ പ്രയാസമാണ്. അത് രണ്ടാമത്തെ ചരിത്രപരമായ വിഡ്ഢിത്തമായി അവശേഷിക്കുന്നു. ഇതിനെല്ലാം അദ്ദേഹം മുന്‍കൈ എടുത്തതു് സോഷ്യലിസം നടപ്പിലാക്കാനുള്ള പാതയൊരുക്കലിന്റെ ഭാഗമായിട്ടായിരുന്നു. സോഷ്യലിസം നടപ്പാക്കാനുള്ള പാതയുണ്ടായില്ലെന്നു മാത്രമല്ല അത്യാവശ്യം കാര്യങ്ങള്‍ക്കുപയോഗിക്കാമായിരുന്ന ഉണ്ടായിരുന്ന വഴികള്‍ ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിനു മനസ്സിലായി സോഷ്യലിസം നടപ്പിലാവില്ലെന്ന് .പരോക്ഷമായി കാരാട്ടു തന്നെ തന്റെ പാര്‍ട്ടിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയാണ്.

 

 

Ad Image