Skip to main content

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന്‍ എല്‍.ഡി.എഫും യു.ഡി.എഫും യോജിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ആദ്യപടിയായി രണ്ട് മുന്നണികളും റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച സംയുക്തമായി സമരം നടത്തും.   

 

വിഷയത്തില്‍ നവംബര്‍ 21-ന് സര്‍വകക്ഷിയോഗം ചേരും. യുഡിഎഫ് നേതാക്കള്‍ സെക്രട്ടേറിയറ്റില്‍ വച്ച് ഇന്ന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. ധന വകുപ്പ് മന്ത്രി തോമസ്‌ ഐസക്കും സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ചര്‍ച്ചയില്‍ സംബന്ധിച്ചു.

 

പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സഹകരണമേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 21-ലെ സര്‍വകക്ഷിയോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.     

 

സഹകരണബാങ്കുകളിലെ പ്രതിസന്ധി ഈ മേഖലയെ തകര്‍ക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഫലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ ബാങ്കുകള്‍ വഴി നോട്ട് മാറ്റിയെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയതിന് പിന്നാലെ റിസര്‍വ് ബാങ്ക് കടകവിരുദ്ധമായ ഉത്തരവിറക്കിയത് ഇതിന് തെളിവായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

സഹകരണ മേഖലയ്ക്ക് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും അതിനെ തകര്‍ക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന്‍ രമേശ് ചെന്നിത്തലയും  ആരോപിച്ചു.