പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ നീക്കം ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. എട്ടു ദിവസത്തേക്ക് ജാമ്യം ലഭിച്ച മദനിയെ ബംഗലൂരുവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതരാണ് വിമാനത്തില്‍ കയറുന്നത് തടഞ്ഞത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നൂറുകണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇന്‍ഡിഗോ ഓഫീസിന് നേരെയും അക്രമമുണ്ടായി.
മദനി വൈകുന്നേരം 7.15ന്റെ വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 12.55-ന്റെ വിമാനത്തില്‍ പോകാനെത്തിയ മദനിയ്ക്ക് ബോര്‍ഡിംഗ് പാസ് നല്‍കിയെങ്കിലും വിമാനത്തില്‍ പ്രവേശിപ്പിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വിമാനക്കമ്പനി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
2008-ലെ ബംഗലൂരു സ്ഫോടന കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന മദനിയ്ക്ക് അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന്‍ ശനിയാഴ്ച വിചാരണ നടത്തുന്ന എന്‍.ഐ.എ കോടതി എട്ടു ദിവസത്തേക്ക് ജാമ്യം നല്‍കുകയായിരുന്നു. ജൂലൈ നാല് മുതല്‍ 12 വരെ മദനിയ്ക്ക് കേരളത്തില്‍ തങ്ങാം.