ഇംഗ്ലണ്ടുമായുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ആയി മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് അഞ്ച് ഏകദിനങ്ങളും ഒരു ടി20 മത്സരവും അരങ്ങേറുക.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുന്ന നാലാമത് മലയാളിയാണ് സഞ്ജു. ടിനു യോഹന്നാന്‍, എബി കുരുവിള, എസ്. ശ്രീശാന്ത് എന്നിവരാണ് ഇതിന് മുന്‍പ് ടീമില്‍ കളിച്ച മലയാളികള്‍. ഇതില്‍ എബി കുരുവിള മുംബൈയെ പ്രതിനിധീകരിച്ചാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നത്.
19 വയസ്സ് മാത്രം പ്രായമുള്ള തിരുവനന്തപുരം സ്വദേശിയായ സഞ്ജു 2011-ലാണ് കേരള ടീമില്‍ അംഗമായത്. ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ട് സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും ആദ്യം ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് ടീമിലും ഇന്ത്യ എ ടീമിലും ഇപ്പോള്‍ സീനിയര്‍ ടീമിലും ഇടം നേടിക്കൊടുത്തതും. ഈയിടെ ആസ്ട്രേലിയയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയത് സഞ്ജുവായിരുന്നു.