Skip to main content
തിരുവനന്തപുരം

ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും വെള്ളിയാഴ്ച വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്. 12 സീറ്റുകളില്‍ യു.ഡി.എഫും എട്ടു സീറ്റുകളില്‍ എല്‍.ഡിഎഫും.

 

2009-ലെ തെരഞ്ഞെടുപ്പില്‍ നേടിയ കാസര്‍ഗോഡ്‌, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ എല്‍.ഡി.എഫ് കണ്ണൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങള്‍ യു.ഡി.എഫില്‍ നിന്ന്‍ പിടിച്ചെടുത്തു. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, എറണാകുളം, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് എം.പിമാര്‍ വിജയിച്ചു. രണ്ട് മുന്നണികളുടേയും അഭിമാന പോരാട്ടം നടന്ന കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ വിജയിച്ചു.

 

കേരളത്തില്‍ ബി.ജെ.പിയ്ക്ക് ആദ്യവിജയം കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയ പോരാട്ടമാണ് തിരുവനന്തപുരത്ത് നടന്നതെങ്കിലും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ 15,470 വോട്ടിന് വിജയിച്ചു. ഒരു ലക്ഷം വോട്ടായിരുന്നു ഇവിടെ കഴിഞ്ഞ തവണ ശശി തരൂരിന്റെ ഭൂരിപക്ഷം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നറ്റ്‌ എബ്രഹാം മൂന്നാം സ്ഥാനത്തായി.

 

കൊല്ലം മണ്ഡലത്തില്‍ ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ 37,649 വോട്ടിനാണ് സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ സി.പി.ഐ.എം അഭിമാന മത്സരമായി കണ്ട വടകരയില്‍ പക്ഷെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 3000-ത്തില്‍ പരം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന് മുന്നിലാണ്.

 

കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ പി.കെ ശ്രീമതി ടീച്ചര്‍ 6566 വോട്ടിന് സിറ്റിംഗ് എം.പി കോണ്‍ഗ്രസിന്റെ കെ. സുധാകരനെ പരാജയപ്പെടുത്തി. കാസര്‍ഗോഡ്‌ മണ്ഡലം സി.പി.ഐ.എമ്മിന്റെ പി. കരുണാകരന്‍ നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തവണത്തെ 64,000 എന്നത് ഇത്തവണ 6921 ആയി.

 

സി.പി.ഐ.എമ്മിന്റെ മറ്റ് സിറ്റിംഗ് എം.പിമാരില്‍ പാലക്കാട് എം.ബി രാജേഷ് 1.05 ലക്ഷം വോട്ടിന് സോഷ്യലിസ്റ്റ് ജനതയുടെ എം.പി വീരേന്ദ്രകുമാറിനേയും ആലത്തൂരില്‍ പി.കെ ബിജു 37,000-ത്തില്‍ പരം വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എസ് ഷീബയേയും ആറ്റിങ്ങലില്‍ എ. സമ്പത്ത് 69,378 വോട്ടിന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയേയും പരാജയപ്പെടുത്തി.

 

മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മികച്ച വിജയമാണ് ലഭിച്ചത്. ലീഗിന്റെ മണ്ഡലങ്ങളില്‍ മലപ്പുറത്ത് ഇ. അഹമ്മദ് 1.94 ലക്ഷം വോട്ടിനാണ് സി.പി.ഐ.എമ്മിന്റെ പി.കെ സൈനബയെ പരാജയപ്പെടുത്തിയത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ്‌ ബഷീര്‍ 25,410 വോട്ടിന് ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാനെ പരാജയപ്പെടുത്തി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് കെ. മാണി 1.2 ലക്ഷത്തില്‍ പരം വോട്ടിനാണ് ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി മാത്യു ടി. തോമസിനെ തോല്‍പ്പിച്ചത്.  

 

സിറ്റിംഗ് എം.പിമാരെ പരസ്പരം വെച്ചുമാറിയ തൃശൂരും ചാലക്കുടിയും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. തൃശ്ശൂരില്‍ സി.പി.ഐയുടെ സി.എന്‍ ജയദേവന്‍ 38,227 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിലെ കെ.പി ധനപാലനെ പരാജയപ്പെടുത്തിയപ്പോള്‍ ചാലക്കുടിയില്‍ എ.ഐ.സി.സി വക്താവ് കൂടിയായ പി.സി ചാക്കോയെ ഇടതുസ്വതന്ത്രനും ചലച്ചിത്ര നടനുമായ ഇന്നസെന്റ് 13,000-ത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ചു. മറ്റൊരു എല്‍.ഡി.എഫ് സ്വതന്ത്രനായ ജോയ്സ് ജോര്‍ജ് 50,000-ത്തില്‍ പരം വോട്ടിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തി.  

 

കോണ്‍ഗ്രസ് സിറ്റിംഗ് എം.പിമാരില്‍ കഴിഞ്ഞ തവണ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട് മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് ജയിച്ചത് 20,000-ഓളം വോട്ടിനാണ്. സി.പി.ഐയുടെ സത്യന്‍ മൊകേരി ആയിരുന്നു ഇവിടെ എതിരാളി. കോഴിക്കോട് എം.കെ രാഘവന്‍ 16,883 വോട്ടിന് സി.പി.ഐ.എമ്മിലെ എ. വിജയരാഘവനെ തോല്‍പ്പിച്ചു.

 

ഏറണാകുളത്ത് ഇടതുസ്വതന്ത്രനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ കെ.വി തോമസ്‌ 87,047 വോട്ടിനും പത്തനംതിട്ടയിലെ ഇടതുസ്വതന്ത്രന്‍ പീലിപ്പോസ് തോമസിനെ ആന്റോ ആന്റണി 56,191 വോട്ടിനും പരാജയപ്പെടുത്തി.

 

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി സി.ബി ചന്ദ്രബാബുവിനെ 19,407 വോട്ടിനും മാവേലിക്കരയില്‍ കൊടിക്കുന്നേല്‍ സുരേഷ് സി.പി.ഐയുടെ ചെങ്ങറ സുരേന്ദ്രനെ 32,737 വോട്ടിനും പരാജയപ്പെടുത്തി.