Skip to main content
തിരുവനന്തപുരം

കവിയൂര്‍ കേസിലെ ഇര അനഘയുടേയും കുടുംബത്തിന്റേയും മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് പറയാനാകില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി വാക്കാലുള്ള പരാമര്‍ശംനടത്തിയത്. സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ക്രൈം നന്ദകുമാറിന്റെയും ഉണ്ണിക്ക്യഷ്ണന്‍ നമ്പൂതിരിയുടെയും ഹര്‍ജികളിലെ തുടര്‍വാദമാണ് കോടതിയില്‍ നടക്കുന്നത്.

 

അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്നോ എന്നറിയാന്‍ പരിശോധന നടത്തിയോ എന്നാരാഞ്ഞ കോടതി രണ്ട് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത് ദൂരൂഹമാണെന്നും പറഞ്ഞു. കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളെയും നേരത്തേ കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി ആയിരുന്ന ആര്‍.ബസന്തിനു ലഭിച്ച അജ്ഞാത കത്തിനെക്കുറിച്ച് അന്വേഷണം നടത്താത്തതും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 

2004 സെപ്തംബര്‍ 28-നാണ് കവിയൂരിലെ നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവര്‍ ആത്മഹത്യ ചെയ്തത്. ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കിളിരൂര്‍ കേസ് പ്രതി ലതാനായര്‍ മൂന്നു ദിവസം നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇതിന്റെപേരില്‍ തിരുവല്ല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് നാരായണന്‍ നമ്പൂതിരിയെ ചോദ്യംചെയ്തു. സമൂഹത്തിനു മുന്നില്‍ നാണംകെട്ടതിനാല്‍ കുടുംബം ആത്മഹത്യ ചെയ്‌തെന്നാണ് സി.ബി.ഐയുടെ വാദം.

Tags