Skip to main content
Ad Image
ആലപ്പുഴ

സോളാര്‍ അഴിമതിക്കേസില്‍ രണ്ട് ദിവസത്തിന് മുമ്പ് ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല.   മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അവര്‍ അറിയിച്ചിരുന്നു. സരിതയ്ക്കെതിരെ കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ അറസ്റ്റ് ഭയന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.

 

ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സരിത നാളെ കോടതിയെ സമീപിക്കും. ഇതിന് ശേഷമേ സരിത മാധ്യമങ്ങളെ കാണുകയുള്ളൂ. ജയില്‍ മോചിതയായപ്പോള്‍ അറസ്റ്റ് വാറണ്ടിനെ കുറിച്ചുള്ള വിവരം ഹോസുദുര്‍ഗ് പൊലീസ് ജയിലധികൃതരെ അറിയിച്ചിരുന്നില്ല.

 

ജയില്‍ മോചിതയായ സരിത ആലപ്പുഴയിലോ തിരുവനന്തപുരത്തോ വെച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ സരിത ഇന്ന് മാധ്യങ്ങളെ കാണില്ലെന്ന് അദ്ദേഹം തിരുത്തുകയായിരുന്നു.

 

സൗരോര്‍ജ പ്ലാന്റുകളും തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടങ്ങളും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളിലാണ് കഴിഞ്ഞവര്‍ഷം സരിത എസ്. നായരും ബിജു രാധാകൃഷ്ണനും അറസ്റ്റിലായത്.എട്ട് മാസങ്ങള്‍ക്ക് ശേഷമാണ്‌ കഴിഞ്ഞ ദിവസം അവര്‍ ജയില്‍ മോചിതയായത്‌.

 

സരിതയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത് ദുരൂഹമാണെന്ന ആക്ഷേപം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു. അതെസമയം കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ സരിതയ്ക്ക് കോടിക്കണക്കിന് രൂപ എവിടെനിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.

Ad Image