Skip to main content

മുഖ്യമന്ത്രി തന്റെ  ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിജയ ദശമി ദിനത്തില്‍ നിലവിളക്ക് കൊളുത്തി  ഒരു കുട്ടിയെ എഴുത്തിനിരുത്തി ആചാര്യനായി. മന്ത്രി ടി.പി രാമകൃഷ്ണന്റെ ഡ്രൈവര്‍ മിഥുനിന്റെയും എ.കെജി സെന്റര്‍ ലൈബ്രറിയിലെ ജീവനക്കാരി അശ്വതിയുടെയും മകന്‍ ആദിയെയാണ് മുഖ്യമന്ത്രി അഞ്ച് തിരിയിട്ട വിളക്കിന്‍ മുന്നില്‍ തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച ഹരിശ്രീ ഗണപദായേ നമഃ എന്ന് കുറിച്ചത് . മാതൃഭൂമി പത്രത്തിന്റെ വാര്‍ത്തയും ചിത്രവും വച്ച് നോക്കിയതില്‍ നിന്നാണ് മുഖ്യമന്ത്രി ഹരിശ്രീ ആണ് കുറിച്ചതെന്ന് മനസ്സിലായത്.

അറിവിനെ ആചരിക്കുന്നവരാണ് ആചാര്യന്മാര്‍. അതുകൊണ്ട് തന്നെയാണ് ആചാര്യന്‍ കുട്ടികളെ ക്ഷേത്ര സന്നിധിയില്‍ എഴുത്തിനിരുത്തണമെന്ന് പറയപ്പെടുന്നത്. ക്ഷേത്ര സന്നിധിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദേവതാ സങ്കല്‍പത്തില്‍ വീട്ടില്‍ നിലവിളക്ക് കൊളുത്തി ഈശ്വരന്‍ സാക്ഷിയായി കുഞ്ഞിനെ അറിവിന്റെ വാതായനത്തിലേക്ക് പ്രവേശിപ്പിക്കാം എന്നതാണ്  പ്രമാണം. ആചാര്യന് എന്താണ് ഹരിയെന്നും ശ്രീ യെന്നും എന്തുകൊണ്ടാണ് ഗണപദയെ നമഃ എന്ന് എഴുതിപ്പിക്കുന്നതെന്നും അവിഘ്നമസ്തു എന്നതിന്റെ താല്‍പര്യമെന്താണെന്നും അറിവുണ്ടായിരിക്കണം. അവയെ ആചരിച്ച് അനുഭവത്തില്‍ നിന്ന് തെളിയുമ്പോഴാണ് ആ വ്യക്തി ആചാര്യനാകുന്നത് .

അവിടെ ഈശ്വരന്‍ എന്ന സങ്കല്‍പം അറിവായും മാറും. അതിനാല്‍ ആദ്യാക്ഷരത്തിലൂടെ കുഞ്ഞില്‍ നിക്ഷിപ്തമായിട്ടുള്ള ഈശ്വര സാന്നിധ്യത്തെ പ്രകാശിപ്പിക്കുന്നതിനു ആ കുട്ടിയെ പ്രാപ്തമാക്കുന്നതിലേക്ക് വാതായനം തുറന്നിടുക എന്നതാണ് ആദ്യാക്ഷരം കുറിക്കല്‍. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വിജയദശമി ദിനത്തില്‍ ഇത്തരമൊരു ആചാരത്തിലേര്‍പ്പെടുന്നത് മലയാളിക്ക് കുളിര്‍മ്മയേകുന്ന കാഴ്ചയും അനുഭവവുമാണ്. തിര്‍ത്തും ദൈവത്തിന്റെ നാടിന്റെ മുഖ്യമന്ത്രിക്ക് ഉചിതമായ ആചാരം. എന്നാല്‍ ചില ദോഷൈക ദൃക്കുകള്‍ പറയുന്നത് ഇത് ശബരിമല അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയും കളികളാണെന്നാണ്. ഒരു മണ്ഡല കാലത്തിന് മുമ്പേ തന്നെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗുരുവായൂര്‍ അമ്പലനടയില്‍ എത്തിച്ചു. അത് അയ്യപ്പന്റെ കളിയാണെങ്കില്‍ ഗുരുവായൂര്‍ അമ്പല നടയില്‍ നിന്ന് മടങ്ങിയെത്തി ഏതാനും നാള്‍ക്കകം പിണറായി വിജയന്‍  കേരളത്തിന്റേതെന്ന് മാത്രം അവകാശപ്പെടുന്ന ഏറ്റവും മൂര്‍ത്തവും ക്ഷേത്ര ബന്ധിതവുമായ ആചാരം വിധി പ്രകാരം അഞ്ച് തിരിയിട്ട വിളക്കിന് മുന്നിലിരുന്ന് ആചരിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റെയ് താനൊരു വിശ്വാസിയും ആചാരമനുഷ്ടിക്കുന്നവനും ആണെന്നും  അതാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി.

ആ പ്രഖ്യാപനത്തില്‍ കയറിപ്പിടിച്ചുകൊണ്ട് വിവാദമുണ്ടാക്കാന്‍ ചാനലുകള്‍ കിണഞ്ഞു പരിശ്രമിച്ചു. ശങ്കര്‍ റയ് യുടെ പ്രസ്ഥാവന പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വെട്ടിലാക്കി എന്നു പറഞ്ഞുകൊണ്ടാണ് ചാനലുകള്‍ വിവാദം കൊഴുപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ നേതാക്കളും പാര്‍ട്ടിയും അനങ്ങിയില്ല. ഇതിനിടയില്‍ കൂടത്തായി ജോളിയില്‍ അത് മുങ്ങിപ്പോവുകയും ചെയ്തു. ശങ്കര്‍ റേ അതനുസരിച്ച് തന്റെ നിലപാടും വിശ്വസവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് സരസ്വതീ ദേവിയെ ആവാഹിച്ചുകൊണ്ട് പിണറായി വിജയന്‍ കുട്ടിയെ എഴുത്തിനിരുത്തിയത്. വിജയ ദശമി ദിനത്തിലെ എഴുത്തിനിരുത്ത് പോലെ ഇത്രയും ക്ഷേത്ര ബന്ധിതമായൊരു ആചാരം കേരളത്തിലില്ല. കേരളത്തില്‍ മാത്രമാണ് വിജയദശമി ദിനം സരസ്വതീ പൂജയായി ആചരിക്കുന്നത്.

കേരളത്തില്‍ ആചരിക്കുന്നത് പോലെ നവരാത്രി ആക്ഷോഷവും മറ്റെങ്ങുമില്ല. മനുഷ്യന്റെ അതി സൂക്ഷ്മമായ മനശാസ്ത്ര ഘടനകളെ വ്യക്തിപരമായും സാമൂഹികപരമായും അതിലൂടെ സാര്‍വദേശീയത്വത്തിലേക്കും ആത്യന്തികമായ സ്വാതന്ത്ര്യത്തിലേക്കും നയിക്കാന്‍ കെല്‍പ്പുള്ള സൗന്ദര്യത്തില്‍ പൊതിഞ്ഞ ശാസ്ത്ര പ്രയോഗമാണ് നവരാത്രി ആഘോഷവും വിജയദശമിദിനത്തിലെ വിദ്യാരംഭവും. അതി സമ്പുഷ്ടമായ മണ്ണില്‍ വേരുകളെ രൂഢമൂലമാക്കി ലതാതികളെ വിപുലീകരിച്ച് വൃക്ഷമാക്കുന്ന പ്രക്രിയയാണ് ഒമ്പത് രാവുകളിലൂടെ നടക്കുന്ന നവരാത്രി ആഘോഷം. ആവിധം അതി സൂക്ഷ്മമയി സൗന്ദര്യത്തോടെയും സമ്പുഷ്ടതയോടെയും ബോധപൂര്‍വം ശ്രദ്ധിക്കപ്പെടുന്ന വൃക്ഷത്തില്‍ ദശമിദിനത്തില്‍ അധവാ പത്താം ദിവസം വിടരുന്ന പൂവാണ് വിജയദശമി.

അതുകൊണ്ടാണ് ക്ഷേത്രപശ്ചാത്തലത്തില്‍ എഴുത്തിനിരുത്തേണ്ടതെന്ന് പറയുന്നത്. എന്നാല്‍ ഈ ശാത്രബോധം ആചാര സംരക്ഷകരായി നടക്കുന്നവര്‍ക്കുപോലും ഇല്ലെന്നതാണ് വലിയ തമാശ. അതുകൊണ്ടാണ് നിരത്തുവക്കിലും വിവിധ സഘടനകളുമൊക്കെ ഓണാഘോഷം പോലെ വിജയദശമി ആചരിക്കുന്നതും എഴുത്തിനിരിത്തുന്നതും. അറിവിന്റെ മൂര്‍ത്തിമത് ഭാവത്തില്‍ ചെയ്യേണ്ടത് അജ്ഞതയുടെ കൊടുമുടിയില്‍ ആചരിക്കുന്നു. ക്ഷേത്ര സംസ്‌കാരത്തെ നിഷേധിച്ചുകൊണ്ട് അല്ലെങ്കില്‍ അവഗണിച്ചുകൊണ്ട് പുഷ്പത്തെ കൈയില്ലെടുത്ത് സുഖന്ധമാസ്വദിക്കുന്നത് മരത്തെ അംഗീകരിക്കാതെ പൂവിനെ സ്വീകരിക്കുന്നതുപോലെയാണ്. അതാണെങ്കില്‍ പോലും പൂവിന്റെ സാന്നിധ്യം സുഗന്ധം പരത്തുന്നതാണ്.

മുഖ്യമന്ത്രി ആദിയെ എഴുത്തിനിരുത്തുന്ന ചിത്രവും അതുകൊണ്ട് തന്നെ സുഭദ്രവും സുന്ദരവുമാണ്. എന്തായാലും ശങ്കര്‍ റേയുടെ നിലപാടുയര്‍ത്തിയ വിവാദത്തിന് പിണറായി വിജയന്‍ വിജയദശമി നാളില്‍ പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടെയും മറുപടി നല്‍കി. ശങ്കര്‍ റേ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിണറായി വിജയനോട് ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒരു വിവാദമങ്ങിനെ കെട്ടടങ്ങാതെ ശുഭപര്യവസായിയായി. അവിഘ്നമസ്തു.

Ad Image