Skip to main content

 

ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ്‌ സയീദ്‌ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മാര്‍ച്ച് ഒന്ന്‍ ഞായറാഴ്ച ജമ്മുവില്‍ നടക്കുന്ന പി.ഡി.പി-ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതായും അദ്ദേഹം ക്ഷണം സ്വീകരിച്ചതായും സയീദ്‌ പറഞ്ഞു.

 

ഒരുമിച്ച് പ്രവര്‍ത്തിക്കാനും കശ്മീരില്‍ സമാധാനം കൊണ്ടുവരാനും ചരിത്രം തങ്ങള്‍ക്ക് ഒരവസരം നല്‍കിയിരിക്കുകയാണെന്ന്‍ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സയീദ്‌ പറഞ്ഞു. സഖ്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമാകുന്ന പൊതു മിനിമം പരിപാടിയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇരുപാര്‍ട്ടികളും ധാരണയായതായി സയീദ്‌ അറിയിച്ചു.

 

രാജ്യത്തെ ഏറ്റവും രാഷ്ട്രീയ സംവേദനക്ഷമമായ സംസ്ഥാനത്ത് രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒത്തുചേരുന്നത്. ബി.ജെ.പി ആദ്യമായാണ് ജമ്മു കശ്മീരില്‍ സര്‍ക്കാറിന്റെ ഭാഗമാകുന്നത്. 25-അംഗ മന്ത്രിസഭ ആയിരിക്കും അധികാരത്തില്‍ വരികയെന്നാണ് സൂചന. ഇതില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പടെ 12 പേര്‍ ബി.ജെ.പിയില്‍ നിന്നായിരിക്കും.

 

87 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പി.ഡി.പി 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ജമ്മു മേഖല തൂത്തുവാരിയ ബി.ജെ.പിക്ക് 25 സീറ്റുകള്‍ ലഭിച്ചു. ഭരണകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് 15-ഉം കോണ്‍ഗ്രസിന് 12-നും സീറ്റുകള്‍ ലഭിച്ചു.  

 

79-കാരനായ മുഫ്തി മുഹമ്മദ്‌ സയീദ്‌ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നത്. 2002 നവംബര്‍ മുതല്‍ 2005 നവംബര്‍ വരെ കോണ്‍ഗ്രസ് പിന്തുണയോടെ സയീദ്‌ മുഖ്യമന്ത്രി ആയിരുന്നു. കേന്ദ്രത്തില്‍ വി.പി സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പും സയീദ്‌ കൈകാര്യം ചെയ്തിട്ടുണ്ട്.

 

ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ്, സായുധസേനാ പ്രത്യേകാധികാര നിയമം, വിഘടനവാദികളുമായുള്ള സംഭാഷണം എന്നീ സുപ്രധാന വിഷയങ്ങളില്‍ വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്ന പാര്‍ട്ടികളാണ്‌ പി.ഡി.പിയും ബി.ജെ.പിയും. വെള്ളിയാഴ്ച ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ സയീദ്‌ വിസമ്മതിച്ചു.