Skip to main content
ചെന്നൈ

jayanthi natarajan

 

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയന്തി നടരാജന്‍ വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്ന്‍ രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന്‍ നേരിടുന്ന അവഗണനയും തനിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി 2014 നവംബര്‍ അഞ്ചിന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ജയന്തി അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും മറ്റ് പദവികളും രാജിവെക്കുന്നതായി അവര്‍ അറിയിച്ചത്. കേന്ദ്രമന്ത്രിയായിരിക്കെ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതായും അവര്‍ വെളിപ്പെടുത്തി.

 

ലോകസഭാ തെരഞ്ഞെടുപ്പിന് മൂന്ന്‍ മാസം മാത്രം ബാക്കിനില്‍ക്കെ തന്നെ മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയത് എന്തിനെന്ന് ഇപ്പോഴും തനിക്കറിയില്ലെന്ന് ജയന്തി നടരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കണ്ട് സംസാരിക്കാന്‍ ഇതുവരെ തനിയ്ക്ക് അനുമതി ലഭിച്ചില്ല. അതേസമയം, പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ തനിക്കെതിരെ അഭ്യൂഹങ്ങളും മറ്റും പരത്തിയതായും അവര്‍ ആരോപിച്ചു. തന്റെ കുടുംബത്തിലെ നാലാം തലമുറ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താനെന്നും ഇത്തരം നടപടികള്‍ വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. താന്‍ ചേര്‍ന്ന കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസെന്ന്‍ അവര്‍ പറഞ്ഞു.

 

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ദേശീയ ഉപദേശക സമിതി അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിവിധ പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിലേക്ക് അയച്ചിരുന്നതായും ഇത് പരിഗണിച്ചുകൊണ്ട് കൂടിയാണ് മന്ത്രിസഭയിലെ പല അംഗങ്ങളും എതിര്‍ത്തിട്ടും താന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും ജയന്തി നടരാജന്‍ പറഞ്ഞു. വനാവകാശ നിയമത്തിനും ആദിവാസികളുടെ അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കിയുള്ള നിര്‍ദ്ദേശങ്ങളാണ് ഇരുവരും നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് വേദാന്ത, നിര്‍മ, അദാനി തുടങ്ങിയ കമ്പനികളുടെ പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, പിന്നീട് ഈ തീരുമാനങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചു. ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് താന്‍ അയച്ച കത്തിനും വിശദീകരണമൊന്നും ലഭിച്ചില്ലെന്നും ജയന്തി പറഞ്ഞു.  

 

ജയന്തിയുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുന:പരിശോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദകര്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലുകള്‍ അതീവ ആശങ്കാജനകമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മുന്‍ യു.പി.എ സര്‍ക്കാറിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു. ചിലരെ പാഠം പഠിപ്പിക്കുന്നതിനായി കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഇത്തരത്തില്‍ വൈകിപ്പിച്ചതാണ് വളര്‍ച്ചാനിരക്ക് കുറയ്ക്കാന്‍ ഇടയാക്കിയതെന്ന് ജെയ്റ്റ്ലി പറഞ്ഞു.

Ad Image