2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുമിത്ര ഭാവെ, സുനില്‍ സുക്തങ്കര്‍ എന്നിവര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം കസാവ് ആണ് മികച്ച ചിത്രം. വെന്റിലേറ്റര്‍ എന്ന മറാത്തി ചിത്രം സംവിധാനം ചെയ്ത രാജേഷ് മപുസ്കര്‍ ആണ് മികച്ച സംവിധായകന്‍.
മിന്നാമിനുങ്ങ് എന്ന മലയാളം ചിത്രത്തിലൂടെ സുരഭി മികച്ച നടിയ്ക്കും ഹിന്ദി ചിത്രം റുസ്തമിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുമുള്ള പുരസ്കാരങ്ങള്‍ നേടി. നടന്‍ മോഹന്‍ ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത ഗ്യാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് പുരസ്കാരം.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് മികച്ച മലയാള ചിത്രം. ഇതേ ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരന് ലഭിച്ചു. പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്ന്‍ മികച്ച സംഘട്ടന സംവിധായകനുള്ള പുരസ്കാരം നേടി.
മികച്ച ആദ്യചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ദീപ ചൗധരി സംവിധാനം ചെയ്ത ബംഗാളി ചിത്രം അലിഫയ്ക്ക് ലഭിച്ചു. സതീഷ് വഗേസ്നയുടെ തെലുഗു ചിത്രം ശതമാനം ഭവതിയാണ് വിനോദ ജനപ്രിയ ചിത്രം. ദേശീയ ഉദ്ഗ്രഥനം പ്രമേയമാകുന്ന മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം സഞ്ജീബ് സഭാ പണ്ഡിറ്റ് സംവിധാനം ചെയ്ത ആസ്സാമീസ് ചിത്രം ദിക്ച്ചോ ബനാത് പലാക്സിനാണ്. സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മികച്ച ചിത്രം അനിരുദ്ധ റോയ് ചൗധരിയുടെ ഹിന്ദി ചിത്രം പിങ്ക് ആണ്. പരിസ്ഥിതി സംരക്ഷണ പ്രമേയത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഹവോബാന്‍ പബന്‍ കുമാര്‍ സംവിധാനം ചെയ്ത മണിപ്പൂരി ചിത്രം ലോക്തക് ലൈരംബീയാണ്. നാഗേഷ് കുക്കുനൂരിന്റെ ഹിന്ദി ചിത്രം ധനക് ആണ് കുട്ടികള്‍ക്കുള്ള മികച്ച ചിത്രം. രോഹിത് വെയ്ദ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം മഹോദയ രാമയാണ് മികച്ച അനിമേഷന്‍ ചിത്രം. ഹിന്ദി ചിത്രങ്ങളായ കദ്വി ഹവാ, മുക്തി ഭവന്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.
മറാത്തി ചിത്രം ദശക്രിയയിലൂടെ മനോജ് ജോഷി മികച്ച സഹനടനും ഹിന്ദി ചിത്രം ദങ്കലിലൂടെ സൈറ വാസിം മികച്ച സഹനടിയ്ക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. കുഞ്ഞുദൈവം എന്ന മലയാള ചിത്രത്തിലൂടെ ആദിഷ് പ്രവീണും സഹാജ് പതേര്‍ ഗപ്പോ എന്ന ബംഗാളി ചിത്രത്തിലൂടെ നീര്‍ ഇസ്ലാമും സമിയുല്‍ ആലമും റെയില്‍വേ ചില്‍ഡ്രന്‍ എന്ന കന്നഡ ചിത്രത്തിലൂടെ മനോഹരയും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം പങ്കുവെച്ചു. ഹിന്ദി ചിത്രം മുക്തി ഭവന്‍, ആസ്സാമീസ് ചിത്രം മാജ് രാതി കേതെകി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആദില്‍ ഹുസ്സൈനും ഹിന്ദി ചിത്രം നീര്‍ജയിലെ അഭിനയത്തിന് സോനം കപൂറിനും പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഉത്തര്‍ പ്രദേശ് ആണ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം. ജാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.