Skip to main content

ബി.സി.സി.ഐ കരാറുകള്‍ നല്‍കുന്നത് പരിശോധിക്കുന്നതിനായി ലോധ സമിതി സ്വതന്ത്ര ആഡിറ്ററെ നിയമിക്കുമെന്ന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. 2017 മുതല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ കരാര്‍ നല്‍കാനിരിക്കേയാണ് ഈ ഉത്തരവ്. ബി.സി.സി.ഐയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ണ്ണായക ഉത്തരവ്.   

 

സുപ്രീം കോടതി നിയോഗിച്ച ലോധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം കൈമാറാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഉത്തരവിട്ടു. ശുപാര്‍ശകള്‍ നിബന്ധനകളില്ലാതെ നടപ്പിലാക്കാന്‍ സുപ്രീം കോടതി ബഞ്ച് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ഡിസംബര്‍ അഞ്ചിന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

 

വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന്‍ രൂപീകരിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള സമിതിയോട് രാജ്യത്തെ ക്രിക്കറ്റ് ഭരണം പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബഞ്ച് ജൂലൈയിലാണ് ആവശ്യപ്പെട്ടത്. സമിതിയുടെ ശുപാര്‍ശകള്‍ക്കെതിരെ ബി.സി.സി.ഐ കോടതിയെ സമീപിക്കുകയായിരുന്നു. ഭാരവാഹികള്‍ക്ക് പ്രായപരിധിയും കാലയളവും നിശ്ചയിക്കുക, മന്ത്രിമാരും മറ്റും ഭാരവാഹിത്വത്തിലേക്ക് വരുന്നത് ഒഴിവാക്കുക, ഒരാള്‍ക്ക് ഒരു സ്ഥാനം, ഒരു സംസ്ഥാനത്തിനു ഒരു വോട്ട്  തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സമിതി നല്‍കിയിരുന്നു.