ലോധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ആറുമാസത്തിനകം നടപ്പിലാക്കാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ഭരണസമിതിയായ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 70 വയസ്സിന് മുകളിലുള്ളവരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകുന്നത് തടയുന്നതും ഒരു സംസ്ഥാനത്തിന് ഒരു വോട്ടായി പരിമിതപ്പെടുത്തുന്നതുമാണ് ശുപാര്‍ശയില്‍ പ്രധാനം. എന്നാല്‍, മഹാരാഷ്ടയിലെ മൂന്ന് അസോസിയേഷനുകള്‍ക്ക് മാറിമാറി പ്രതിനിധാനം നല്കാന് സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.
ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ലോധ സമിതിയെ തന്നെ കോടതി ചുമതലപ്പെടുത്തി. ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനം കോടതി പാര്‍ലിമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍, സി.എ.ജി ഓഫീസിലെ ഒരംഗം ബി.സി.സി.ഐ ഭരണസമിതിയില്‍ ഉണ്ടാകണമെന്ന നിര്‍ദ്ദേശം കോടതി സ്വീകരിച്ചിട്ടുണ്ട്.
വിധി ഏറ്റവും ബഹുമാനത്തോടെ നടപ്പിലാക്കുമെന്ന് ബി.സി.സി.ഐ പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനും ഇന്ത്യന്‍ കായികരംഗത്തിനും മഹത്തായ ദിനമാണിതെന്ന് സമിതി അദ്ധ്യക്ഷനായ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ പ്രതികരിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ഭരണം പരിഷ്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ലോധ സമിതിയെ നിയോഗിച്ചത്.