ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ്ങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്‍ വിരമിച്ചു. ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ടെസ്റ്റ് സമനിലയായതിനെ തുടര്‍ന്ന്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ വിജയിച്ച ആസ്ത്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.
വിരാട് കോഹ്ലിയായിരിക്കും പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. പരിക്ക് മൂലം ധോണി മാറിനിന്ന ആദ്യ ടെസ്റ്റില്‍ കോഹ്ലിയായിരുന്നു ടീം ക്യാപ്റ്റന്‍.
ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ആണ് ധോണി. ധോണി നായകനായ 60 ടെസ്റ്റ് മത്സരങ്ങളില്‍ 27 എണ്ണത്തില്‍ ഇന്ത്യ വിജയിച്ചു. 21 വിജയങ്ങള്‍ നേടിയ സൗരവ് ഗാംഗുലിയുടെ നേട്ടമാണ് ധോണി മറികടന്നത്. അതേസമയം, ഇവയില്‍ 21 എണ്ണവും ഇന്ത്യയില്‍ നടന്നവയാണ്. വിദേശത്ത്, പ്രത്യേകിച്ചും ഇംഗ്ലണ്ടിലും ആസ്ത്രേലിയയിലും നേരിട്ട തുടര്‍ പരാജയങ്ങള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
2005-ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറിയ ധോണി 90 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്‍ 38.09 എന്ന ശരാശരിയില്‍ 4,876 റണ്‍സ് നേടിയിട്ടുണ്ട്. കരിയറില്‍ ആറു സെഞ്ച്വറികളും 33 അര്‍ദ്ധസെഞ്ച്വറികളും നേടിയ ധോണിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 224 റണ്‍സ് ആണ്. വിക്കറ്റ് കീപ്പര്‍ ആയിരുന്ന താരം 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങും അടക്കം 294 പുറത്താക്കലുകള്‍ നടത്തി.
2009-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാന്‍ ധോണിയ്ക്ക് കഴിഞ്ഞു. ഇതിന് പുറമേ, ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടുള്ള ധോണി ഐ.സി.സിയുടെ ഈ നാല് ട്രോഫികളും നേടിയ ആദ്യ ക്യാപ്റ്റനാണ്.