ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായ ചര്‍ച്ചകള്‍ക്ക് പി.ഡി.പി.യേയും ബി.ജെ.പിയേയും ഗവര്‍ണര്‍ എന്‍.എന്‍ വോഹ്റ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ തൂക്കുസഭ നിലവില്‍ വന്ന സംസ്ഥാനത്ത് പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യരൂപീകരണത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല.
87 അംഗ നിയമസഭയില്‍ പി.ഡി.പിയ്ക്ക് 28 സീറ്റും ബി.ജെ.പിയ്ക്ക് 25 സീറ്റുമാണ് ലഭിച്ചത്. 44 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജനുവരി 19-നാണ് നിയമസഭയുടെ കാലാവധി കഴിയുന്നത്. അതിനകം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണം. ഏറ്റവും വലിയ രണ്ട് കക്ഷികള്‍ എന്ന നിലയിലാണ് ഇവര്‍ക്ക് കത്ത് അയച്ചതെന്നും ജനുവരി ഒന്നിന് രണ്ട് പാര്‍ട്ടികളുമായും ഗവര്‍ണര്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ജമ്മുവില്‍ പി.ഡി.പി നേതാക്കളുമായി വെളിയാഴ്ച ചര്‍ച്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് ആദ്യം കോണ്‍ഗ്രസും പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണയ്ക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. 15 എം.എല്‍.എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സുമായും ബി.ജെ.പി ആദ്യം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ ആണുള്ളത്.
മുഖ്യമന്ത്രി പദവിയാണ് ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമെന്നാണ് സൂചനകള്‍. പദവി ലഭിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുമ്പോള്‍ ഇത് കൈമാറാന്‍ പി.ഡി.പി ആഗ്രഹിക്കുന്നില്ല.