ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചു. വ്യാഴാഴ്ച കോല്‍ക്കത്തയില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 264 റണ്‍സ് ആണ് രോഹിത് നേടിയത്. ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സെവാഗ് 2011 ഡിസംബര്‍ 8-ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കുറിച്ച 219 റണ്‍സ് നേട്ടമാണ് രോഹിത് മറികടന്നത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്ങ്സ് തുറന്ന രോഹിത് അവസാന ബാളിലാണ് പുറത്തായത്. 173 പന്തില്‍ 33 ഫോറും ഒന്‍പത് സിക്സും അടിച്ചാണ് രോഹിത് റെക്കോഡ് സ്കോര്‍ നേടിയത്. ഏകദിനത്തില്‍ രോഹിത്തിന്റെ അഞ്ചാമത്തെ സെഞ്ചുറി നേട്ടവും രണ്ടാമത്തെ ഇരട്ട സെഞ്ചുറിയുമാണിത്. 2013 നവംബര്‍ 2-ന് ആസ്ത്രേലിയയ്ക്കെതിരെ 209 റണ്‍സ് രോഹിത് കുറിച്ചിരുന്നു.
നിലവില്‍ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന എകതാരമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണ് ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള മറ്റൊരു താരം. 2010 ഫെബ്രുവരി 24-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തെണ്ടുല്‍ക്കര്‍ പുറത്താകാതെ നേടിയ 200 റണ്‍സ് ആണ് ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി.
രോഹിത്തിന്റെ ഇന്നിങ്ങ്സിന്റെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ 400-ന് മുകളില്‍ സ്കോര്‍ നേടുന്നത്. മറ്റൊരു രാജ്യവും രണ്ടില്‍ കൂടുതല്‍ തവണ ഈ നേട്ടം കുറിച്ചിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്ലി 66 റണ്‍സ് നേടി.