Skip to main content
ശ്രീനഗര്‍

ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കരസേനയിലെ മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും മൂന്ന്‍ ഭീകരവാദികളും ചൊവ്വാഴ്ച കൊല്ലപ്പെട്ടു. കുപ്വാര ജില്ലയില്‍ സൈനിക വാഹനം മറിഞ്ഞാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയില്‍ ഭീകരരും സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന്‍ ഭീകരവാദികള്‍ കൊലപ്പെട്ടു.

 

വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ റോഡില്‍ നിന്ന്‍ തെന്നിയ വാഹനം കൊക്കയിലേക്ക് വീണാണ് മേജര്‍ ഇന്ദര്‍ജീത് സിങ്ങ് ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടത്. ആറു സൈനികരെ പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

jem commander altaf ratherതെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ ഒളിച്ചിരുന്ന ജെയ്ഷ്-ഇ-മുഹമ്മദ്‌ പ്രവര്‍ത്തകരെന്ന്‍ കരുതുന്ന മൂന്ന്‍ പേര്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. സൈനികരുടെ ഭാഗത്ത് ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല. ജെയ്ഷ്-ഇ-മുഹമ്മദ്‌ കമാന്‍ഡര്‍ അല്‍താഫ് റാത്തര്‍, പുല്‍വാമ സ്വദേശികളായ ഷൌകീത്, ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

 

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സൈനികരുടെ പരിശോധക സംഘം സായുധരായ ഭീകരവാദികള്‍ തങ്ങുന്ന ഇടം കണ്ടെത്തിയത്. തുടര്‍ന്ന്‍ ആരംഭിച്ച വെടിവെപ്പ് ചൊവ്വാഴ്ച പുലര്‍ച്ചെ ശക്തമായി. ഉച്ചയോടെ സൈനികര്‍ കനത്ത വെടിവെപ്പ് നടത്തി. പ്രദേശത്ത് നിന്നുള്ള ഒരാളുടെ മാധ്യസ്ഥം മുഖേന ഭീകരവാദികളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

പ്രദേശത്ത് നിന്നുള്ള ഒരാളുടെ മാധ്യസ്ഥം മുഖേന ഭീകരവാദികളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടക്കുന്നിടത്തും പുല്‍വാമ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടുകയും കല്ലേറ് നടത്തുകയും ചെയ്തു.

Tags