ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഡയറക്ടര്‍ ആയി മുന്‍ താരം രവി ശാസ്ത്രിയെ ബി.സി.സി.ഐ നിയമിച്ചു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീം ടെസ്റ്റ് പരമ്പരയില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഏതാനും കോച്ചിംഗ് മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ പിന്നീടുള്ള മൂന്ന്‍ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.
കൊച്ച് ഡങ്കന്‍ ഫ്ലെച്ചറെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ബൌളിംഗ് കോച്ച് ജോ ഡാവ്സിനും ഫീല്‍ഡിംഗ് കോച്ച് ട്രെവര്‍ പെന്നിയ്ക്കും ‘വിശ്രമം’ അനുവദിച്ചു. അണ്ടര്‍-19 ടീം കൊച്ച് ബി. അരുണിനേയും മുന്‍ ഇന്ത്യന്‍ ടീം ആള്‍റൌണ്ടര്‍ സഞ്ജയ് ബംഗറേയും അസിസ്റ്റന്റ് കോച്ചുമാരായും ആന്ധ്ര കോച്ച് ആര്‍. ശ്രീധറിനെ ഫീല്‍ഡിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ താരമായിരുന്ന ബി. അരുണ്‍ മുന്‍പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ചായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എല്ലില്‍ ഫൈനലില്‍ എത്തിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചുമാരായിരുന്നു ബംഗറും ശ്രീധറും.
ആഗസ്ത് 25-ന് തുടങ്ങുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ കേരള താരം സഞ്ജു സാംസണും അംഗമാണ്.