Skip to main content
ചെന്നൈ

 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്കായുള്ള നീണ്ട കാത്തിരിപ്പ് 2015 ഡിസംബറില്‍ അവസാനിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭാവി മത്സരക്രമത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ യു.എ.ഇയില്‍ വെച്ച് രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പര നിശ്ചയിച്ചിട്ടുണ്ട്. മത്സരക്രമം അനുസരിച്ച് അടുത്ത എട്ടു വര്‍ഷങ്ങളില്‍ മറ്റ് നാല് പരമ്പരകളില്‍ കൂടി ഇരുരാജ്യങ്ങളും കളിക്കും.

 

പാകിസ്ഥാന്‍ ആതിഥ്യം വഹിക്കേണ്ട പരമ്പരയാണ് യു.എ.ഇയില്‍ നടക്കുക. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഗണിച്ചാണ് വേദി മാറ്റിയിരിക്കുന്നത്. നേരത്തെ, പാകിസ്ഥാനില്‍ കളിക്കുന്നതിനും നിഷ്പക്ഷ വേദികളിലേക്ക് മത്സരം മാറ്റുന്നതിനും ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മത്സരക്രമത്തിന് ബി.സി.സി.ഐയുടെ സമ്മതം നല്‍കിയിട്ടുണ്ട്.

 

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ടെസ്റ്റ്‌ മത്സരം കളിച്ചത് 2007-ല്‍ ബംഗ്ലാദേശിലാണ്. 2008 നവംബറിലെ മുംബൈ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള കായികബന്ധങ്ങളിലും വിള്ളല്‍ സൃഷ്ടിക്കുകയായിരുന്നു. പിന്നീട് 2012-ല്‍ ഇന്ത്യ സന്ദര്‍ശിച്ച പാകിസ്ഥാന്‍ ടീം മൂന്ന്‍ ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിച്ചു.  

 

അടുത്ത എട്ടു വര്‍ഷങ്ങളില്‍ മൂന്ന്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് ഇന്ത്യ ആതിഥ്യം വഹിക്കും. 2016-ല്‍ ലോക ടി20 ചാമ്പ്യന്‍ഷിപ്പും 2021-ല്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റും 2023-ല്‍ ഏകദിന ലോകകപ്പുമാണ് ഇന്ത്യയില്‍ നടക്കുക.