Skip to main content
ന്യൂഡല്‍ഹി

 

ബ്രിക്സ് രാഷ്ട്രങ്ങളുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേക്ക്. പ്രധാനമന്ത്രിയായ ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ബഹുമുഖ പരിപാടിയാണിത്. 14,15 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ,ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്ര തലവന്‍മ്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

 

മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അന്താരാഷ്ട്ര മാര്‍ഗങ്ങള്‍ ഉച്ചകോടി ഉയര്‍ത്തിക്കാട്ടുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എ.കെ ദോയല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്, ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരടങ്ങുന്ന സംഘം പ്രധാനമന്ത്രിക്കൊപ്പം ബ്രസീലിലേക്ക് പോകുന്നുണ്ട്.

 

ആഗോള സാമ്പത്തിക സ്ഥിരതയും സഹകരണവും നിലനിര്‍ത്തുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തും. ലോകത്ത് സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും മോദി അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയുടെ വിദേശ യാത്രയില്‍ മാധ്യമ സംഘത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ മാധ്യമങ്ങളായ ദൂരദര്‍ശന്‍, ആകാശവാണി, സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുന്ന വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐ, യു.എന്‍.ഐ, എ.എന്‍.ഐ എന്നിവയുടെ പ്രതിനിധികള്‍ മാത്രമാണ് ഉള്ളത്.