Skip to main content
ന്യൂഡല്‍ഹി

ak antonyമതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായിരിക്കുന്നു എന്ന മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയെ ലഘൂകരിച്ച് കോണ്‍ഗ്രസ്. പ്രസ്താവന കേരളത്തിലെ സാഹചര്യത്തില്‍ ഉള്ളതാണെന്നും ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ നയമല്ലെന്നും പാര്‍ട്ടി വക്താവ് മനിഷ് തിവാരി പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ആന്റണി നടത്തിയ പ്രസ്താവന ബി.ജെ.പിയുടെ നിലപാടിനെ സാധൂകരിക്കുന്നതാണെന്ന് ഞായറാഴ്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പ്രസ്താവിച്ച സാഹചര്യത്തിലാണ് തിവാരിയുടെ വിശദീകരണം. ബി.ജെ.പി വര്‍ഷങ്ങളായി പറയുന്നതാണ് ആന്റണി ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നതെന്നും ഈ ‘സത്യസന്ധമായ ആത്മപരിശോധന’യെ ബി.ജെ.പി സ്വാഗതം ചെയ്യണമെന്നും സൂരജ്കുണ്ടില്‍ ബി.ജെ.പി എം.പിമാര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ സംസാരിക്കവേ അദ്വാനി പറഞ്ഞു.

 

വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സി.കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തുമ്പോഴായിരുന്നു ആന്റണിയുടെ പ്രസ്താവന.  സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ന്യൂനപക്ഷ പ്രീണന നയങ്ങള്‍ കോണ്‍ഗ്രസ് പിന്തുടരുന്നുവെന്നും ഈ സാഹചര്യത്തില്‍ സാമൂഹ്യനീതി, തുല്യത തുടങ്ങിയ മൂല്യങ്ങളോട് നീതി പുലര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന കാര്യത്തില്‍ ജനങ്ങളില്‍ സംശയമുണ്ടായിരിക്കുന്നതായും ആന്റണി പറഞ്ഞു.

Ad Image