പ്രതിരോധമേഖലക്ക് പിന്നാലെ വാര്‍ത്താ മാധ്യമരംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇക്കാര്യം സജീവ പരിഗണനയില്‍ ഉണ്ടെന്നും ഇത് സംബന്ധിച്ച് മാധ്യമരംഗവുമായി ബന്ധപ്പെട്ട വിവിധ കക്ഷികളില്‍ നിന്ന് അഭിപ്രായം തേടിയിട്ടുണ്ടെന്നും വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സ്വകാര്യ എഫ്.എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
വാര്‍ത്താ മാധ്യമരംഗത്ത് ഇപ്പോള്‍ 26 ശതമാനമാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. ഇത് നൂറ് ശതമാനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വിനോദ, വാണിജ്യ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും ഇപ്പോള്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. റെയില്‍വേ, പ്രതിരോധമുള്‍പ്പെടെയുള്ള മേഖലകളില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നില്ല. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ണമായും വിദേശനിക്ഷേപം അനുവദിച്ചേക്കുമെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം.
പണം വാങ്ങി വാര്‍ത്ത നല്‍കുന്നത് (പെയ്ഡ് ന്യൂസ്) സംബന്ധിച്ച് മന്ത്രിസഭാ യോഗം ഉടന്‍ ചര്‍ച്ച ചെയ്യും. ഈ പ്രവണത രണ്ടു തരത്തിലുണ്ട്. തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്നതും ബിസിനസ് സ്ഥാപനങ്ങള്‍ ഉടമസ്ഥരായ ദിനപത്രങ്ങളില്‍ ആ സ്ഥാപനങ്ങളെ കുറിച്ച് നല്ല വാര്‍ത്തകള്‍ വരുന്നതും. ഇത് രണ്ടും രണ്ടു തരത്തില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പെയ്ഡ് ന്യൂസുകളെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.