Skip to main content
ന്യൂഡല്‍ഹി

network 18 logoഇന്ത്യയിലെ മാദ്ധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18 മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു. സി.എന്‍.എന്‍ - ഐ.ബി.എന്‍ തുടങ്ങിയ ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന നെറ്റ്വര്‍ക്ക് 18-ന്റെ സബ്‌സിഡിയറി കമ്പനി ടി.വി 18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് ഉള്‍പ്പെടെയാണ് 4000 കോടി രൂപയുടെ ഏറ്റെടുക്കല്‍. റിലയന്‍സ് ഈ വര്‍ഷം തുടങ്ങുന്ന 4-ജി സേവനങ്ങളുടെ ആവശ്യത്തിനുള്ള ഉള്ളടക്കം ലഭ്യമാക്കുകയാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യമെന്നറിയുന്നു.

 

റിലയന്‍സിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഇന്‍ഡിപെന്‍ഡന്റ് മീഡിയ ട്രസ്റ്റിലൂടെയായിരിക്കും ഏറ്റെടുക്കല്‍ നടക്കുക. ഇതിനായി 4000 കോടി രൂപ വരെ നിക്ഷേപം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി കമ്പനി വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. ട്രസ്റ്റിന് ഇതിനകം തന്നെ നെറ്റ്വര്‍ക്ക് 18-ല്‍ ഓഹരി നിക്ഷേപം ഉണ്ട്.   

 

സി.എന്‍.എന്‍ - ഐ.ബി.എന്‍ ചീഫ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. സര്‍ദേശായി മടങ്ങിവരില്ലെന്നാണ് സൂചന. നെറ്റ്വര്‍ക്ക് 18-ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. സായ് കുമാറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജയ് ചാക്കോയും ഈയിടെ രാജിവെച്ചിരുന്നു.

 

വാര്‍ത്താ-വിനോദ ചാനലുകള്‍, ചലച്ചിത്ര നിര്‍മ്മാണം, അച്ചടി മാദ്ധ്യമം, ഓണ്‍ലൈന്‍ മാദ്ധ്യമം, ഇ-കൊമേഴ്സ്‌ എന്നിങ്ങനെ വിവിധ മേഖലകളില്‍ നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. ഇവയിലെ ഉള്ളടക്കം റിലയന്‍സ് ജിയോ 4-ജി സേവനത്തില്‍ ആദ്യം പ്രചാരണാര്‍ഥവും പിന്നീട് പണം ഈടാക്കിയും നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

 

സി.എന്‍.എന്‍ - ഐ.ബി.എന്നിന് പുറമേ കളേഴ്സ്, സി.എന്‍.ബി.സി - ടിവി 18, സി.എന്‍.ബി.സി - ആവാസ്, ഐ.ബി.എന്‍ 7 എന്നീ ചാനലുകളും, ഐ.ബി.എന്‍ ലൈവ്, മണികണ്‍ട്രോള്‍, ക്രിക്കറ്റ് നെക്സ്റ്റ്, ഹോം ഷോപ്പ് 18, ബുക് മൈ ഷോ, തുടങ്ങിയ വെബ്സൈറ്റുകളും ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.    

Tags