Skip to main content
മുംബൈ

bcciഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ടൂര്‍ണമെന്റിന്റെ ആറാം പതിപ്പില്‍ ഒത്തുകളിയും വാതുവെപ്പും നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐ ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും. കല്‍ക്കട്ട ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ്‌ ജയ്‌ നാരായണ്‍ പട്ടേല്‍, സി.ബി.ഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍,  മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

 

ആരോപണങ്ങളെ തുടര്‍ന്ന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ്‌ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനേയും ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ മറ്റ് 12 പേരേയും പരാമര്‍ശിക്കുന്നതായി സുപ്രീം കോടതി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഇനിയും അന്വേഷണത്തിന് തയ്യാറാകാത്ത ബി.സി.സി.ഐ നിലപാടിനെ വിമര്‍ശിച്ച കോടതി ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന്‍ മാറിനില്‍ക്കാന്‍ ശ്രീനിവാസനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

ബി.സി.സി.ഐയുടെ സ്വയംഭരണ പദവി ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഏപ്രില്‍ 22-നകം മറുപടി നല്‍കാന്‍ കഴിഞ്ഞ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.